പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ 

ഇ.എ.സജിം തട്ടത്തുമല

 

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Advertisements

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ…….

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ…….

അങ്ങനെ മലയാളം ശ്രേഷ്ഠഭാഷയുമായി. അതിനു തൊട്ടു മുമ്പുതന്നെ മലയാളത്തിനു മാത്രമായി നാമൊരു സർവ്വലകലാശാലയും രൂപീകരിച്ചു. ഇനി മലയാളം വേണ്ടുന്ന ഒരു തലമുറയെക്കൂടി നമ്മൾ വളർത്തിയെടുക്കണം. കാരണം ജീവിതസാഹചര്യങ്ങൾ അത്രകണ്ട് മെച്ചപ്പെടാത്തവരുടെ മക്കൾക്കുമാത്രം പഠനമാധ്യമമായി മാറുന്ന ഒരു ഭാഷയായി മലയാളം പുരോഗമിക്കുന്ന ഒരു കാലത്താണ് നമ്മുടെ ഭാഷയ്ക്ക് ഒരു സർവ്വകലശലയുണ്ടാകുന്നതും നമ്മുടെ ഭാഷ ശ്രേഷ്ഠഭാഷയാകുന്നതും! ഒരു ഭാഷ വികസിക്കുന്നതും നിലനിൽക്കുന്നതും ആ ഭാഷ സംസാരിക്കുവാനും എഴുതുവാനും പഠിക്കുവാനും ആളുണ്ടാകുമ്പോഴാണ്. അങ്ങനെയല്ലാത്ത ഒരു ഭാഷയ്ക്കുവേണ്ടി എത്ര സർവ്വകലാശാലകൾ സ്ഥാപിച്ചാലും എത്രവലിയ പദവികൾ ലഭിച്ചാലും ആ ഭാഷ നിലനിൽക്കില്ല. ഭാഷയ്ക്കുവേണ്ടി മുറവിളികൂട്ടിയതുകൊണ്ടുമാത്രവും ഒരു ഭാഷയും നിലനിൽക്കില്ല. ഒരു ഭാഷാസമൂഹത്തിന്റെ ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. സമൂഹത്തിന്റെ ഇച്ഛ നടപ്പാക്കേണ്ടത് ആ സമൂഹത്തെ നയിക്കുന്ന ഭരണകൂടസംവിധാനമാണ്.

ആധുനിക കാലത്ത് ഒരു സമൂഹത്തിന്റെ മാതൃഭാഷ പത്താം തരം വരെയെങ്കിലും ഒരു നിർബന്ധിത പഠനമാധ്യമമായി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽപിന്നെ അവിടെ ഒരു ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും സാംസ്കാരികപരമയ പ്രസക്തി എന്താണ്? മലയാളത്തെ പത്താംതരം വരെയെങ്കിലും നിർബന്ധിതപഠന മാധ്യമമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ ഒരു തീരുമാനം മത്രം മതി. പക്ഷെ ആ തീരുമാനം ഉണ്ടാകുന്നതേയില്ല. ഇനി ഉണ്ടായാൽത്തന്നെ നീതിപീഠം ഇടപെട്ട് തടയിടും എന്നൊരു വാദം ഉണ്ട്. ശരിയാകാം. ഇംഗ്ലീഷ് ഭാഷയെ വില്പനച്ചരക്കാക്കി തൂക്കി വിൽക്കുന്ന പള്ളിക്കൂടക്കച്ചവടക്കാർ നീതിപീഠത്തെ സമീപിച്ച് അവർക്കനുകൂലമയ വിധികൾ സമ്പാദിക്കാൻ ഇടയുണ്ട്. അതിനിടയാക്കുന്ന പഴുതുകളാകട്ടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ളവയാണ്. അത്തരം പ്രതിസന്ധികളെ മറികടക്കാൻ ഭരണകൂടത്തിന് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടാകണം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ. സ്വന്തം മാതൃഭാഷയെ നില‌നിർത്താനുള്ള നിയമ നിർമ്മാണങ്ങൾക്ക് വിഘാതമായേക്കാവുന്ന പഴുതുകൾ ഭരണഘടനാപരയുള്ളവയാണെങ്കിൽ അവ തിരുത്തുവാനുള്ള മാർഗ്ഗങ്ങൾ തേടണം. പക്ഷെ സത്യത്തിൽ ഇക്കാര്യത്തിൽ അത്രത്തോളമൊന്നും നമ്മൾ കടന്നു ചിന്തിക്കാൻ മാത്രമൊന്നുമില്ല.

കേരളത്തിലെ സർക്കാർ സ്കൂളുകളായാലും എയിഡഡ് സ്കൂളുകളായാലും അൺ-എയ്ഡഡ് സ്കൂളുകളായാലും പത്താം തരംവരെ പഠനമധ്യമം മലയാളമായിരിക്കണമെന്നൊരു നിഷ്കർഷ മത്രം മതി നമ്മുടെ ഭാഷയെ ഇംഗ്ലീഷ് വിഴുങ്ങാ‍തിരിക്കാൻ. നേരിട്ട് അത്തരത്തിലൊരു നിയമം നിർമ്മിക്കാതെ മറ്റ് ചില നടപടികളിലൂടെയും നമ്മുടെ നാട്ടിലെ രക്ഷകർത്താക്കളെ തങ്ങളുടെ കുട്ടികളെ മലയാളഭാഷതന്നെ പഠിപ്പിക്കാൻ പ്രേരിപ്പിക്കാ‍ൻ കഴിയുമെന്നും ചില സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഉദാഹരണത്തിന് പി.എസ്.സി ജോലികൾക്ക് മലയാളം ഒരു രണ്ടാം ഭാഷയായെങ്കിലും പഠിച്ചിരിക്കണമെന്ന നിയമം വന്നപ്പോൾതന്നെ ചിലർ ഇംഗ്ലീഷ് മീഡിയം ഉപേക്ഷിച്ച് കുട്ടികളെ മലയാളം മീഡിയത്തിൽ വിട്ടുതുടങ്ങിയിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം ശമ്പളം സംബന്ധിച്ച് കോടതിവിധിയുണ്ടായി, അത്തരം സ്കൂളുകൾ ഫീസുകൾ കുത്തനെ കൂട്ടിയതോടെയും പലരും കുട്ടികളെ ചേർക്കാൻ സർക്കാർ-എയ്ഡഡ് സ്കൂളുകൾ തേടിയെത്തിയിട്ടുണ്ട്. അത് സാമ്പത്തികകാരണത്താലുള്ള മാറ്റം.

നമ്മുടെ നാട്ടിൽ ഒരു പറച്ചിൽ ഉണ്ടല്ലോ; സർക്കാർ സ്കൂ‍ളുകൾ ആ‍ർക്കും വേണ്ട. സർക്കാർ ആശുപത്രികൾ ആർക്കും വേണ്ട. സർക്കാർ വണ്ടികൾ ആർക്കും വേണ്ട. പക്ഷെ സർക്കാർ ജോലി എല്ലാവർക്കും വേണം! സംസ്ഥാന സർക്കാർ ജോലികൾക്ക് പാത്താം ക്ലാസ്സ് വരെയെങ്കിലും മാതൃഭാഷ പഠനമാധ്യമമായെടുത്തവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നൊരു പി.എസ്.സി നിഷ്ക്കർഷ വന്നൽത്തന്നെ സ്കൂളുകളിൽ മലയാളം ഒരു ആകർഷഭാഷയാകും. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളുകളിലേയ്ക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആ സ്കൂളുകൾ ടി.സി കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു. കാരണം അന്ന് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ടി.സി നിർബന്ധിതമായിരുന്നു. എന്നാൽ ആ നിയമത്തിൽ ഇളവ് വന്നതോടെതന്നെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സാധാരണ സ്കൂളുകളിലേയ്ക്ക് കുട്ടികൾ എത്തിത്തുടങ്ങി. ഇവ്വിധം സർക്കാരിന്റെ ചില കൊച്ചുകൊച്ച് തീരുമാനങ്ങൾക്കുതന്നെ എടുത്തുപറയത്തക്ക ഫലങ്ങൾ ഉളവാക്കൻ കഴിയും എന്നിരിക്കെ അല്പം വലിയൊരു തീരുമാനമെടുത്താൽ വളരെ വലിയ ഫലങ്ങൾ ഉണ്ടാകും എന്നകാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. സർക്കാർ വിചാരിച്ചാൽ എന്തെല്ലാം നിയമങ്ങൾ കൊണ്ടുവരാം!

ഇവിടെ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കേരളത്തിൽ പത്താംതരംവരെയെങ്കിലും പഠനമാധ്യമം മലയാളത്തിലാക്കണം എന്നുള്ളതാണ്. ഇത് മുമ്പേ ചർച്ച ചെയ്തുവരുന്ന ഒരു കാര്യമണെങ്കിലും മലയാലഭാഷയെസംബന്ധിച്ച് നമ്മൾ അഭിമാനപുളകിതരാകാൻ മാത്രം വലിയചില സന്തോഷങ്ങൾ വന്നുഭവിച്ചിരിക്കുമ്പോൾകൂടി നമ്മൾ ഭാഷാതല്പരമായ ഈ വിഷയം ചർച്ചയ്ക്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. മലയളം നിർബന്ധിത പഠനമധ്യമമാകാന്നും അത് നിർബന്ധിതഭരണഭാഷയകാനുമൊക്കെ കർക്കശമായ നിഷ്കർഷയുണ്ടാകണം. ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അല്ലെങ്കിൽ അടുത്ത തലമുറകളിൽ നിന്നും നമ്മുടെ ഭാഷ അന്യം നിന്നുപോകും.

ഒരു കാലത്ത് സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ഉള്ളവർ മത്രമായിരുന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയച്ചിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരും തീരെ ദർദ്രരായുള്ളവരും അടക്കം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കാൻ വ്യഗ്രത കാട്ടുന്നുണ്ട്. രക്ഷകർത്താക്കളുടെ പൊങ്ങച്ചസംസ്കരത്തിന്റെ ബലിയാടുകളായി കുട്ടികൾക്ക് അവരുടെ മാതൃഭാഷ അന്യമാകുന്നു. ഒരു ഭാഷയോടും തലമുറയോടും ചെയ്യുന്ന ക്രൂരതായാണിത്. അൺ-എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കുത്തൊഴുക്കിൽ പിടിച്ചു‌നിൽക്കാനായി സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപകമയതോടെ മലയാളം മീഡിയത്തിൽ പഠിക്കാൻ ആൾ കുറഞ്ഞുവരുന്ന പ്രവണത ചില മേഖലകളിലെങ്കിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് ഭാഷയ്ക്കൊരു വെല്ലുവിളിയാണ്. എന്നാൽ പൊതു വിദ്യാലയങ്ങളെ രക്ഷിക്കുവാൻ പല സർക്കാർ-എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയംകൂടി തുടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെവന്നിരിക്കുന്നു. സാഹചര്യങ്ങൾ ആനിലയിൽ ആയിരിക്കെ, നമ്മുടെ ഭാഷയെ രക്ഷിക്കൂ, നമ്മുടെ ഭാഷയെ രക്ഷിക്കൂ എന്ന കേവലമയ മുറവിളികൾകൊണ്ട് മാത്രം കാര്യമില്ല.

ഭാഷയും ഒരു ഭരണകൂടബാദ്ധ്യതയാണ്. അല്ലെങ്കിൽ ആകണം. ഭാഷയ്ക്ക് ഭരണപരമായും നിയമപരമായും സംരക്ഷണം ഉറപ്പുവരുത്തണം. അതിനായി നിലവിലുള്ള നിയമങ്ങളും സമ്പ്രദയങ്ങളും മാറ്റിമറിയ്ക്കണം. മലയാളസർവ്വകലാശാലയ്ക്ക് വേണ്ടി ഇനിയും നാം എത്രയോ പണവും അദ്ധ്വാനവും വിനിയോഗിക്കാൻ പോകുന്നു. ശ്രേഷ്ഠഭാഷയാകുമ്പോൾ കിട്ടുന്ന നൂറ് കോടിയും നാം ചെലവഴിക്കാനും ചിലതൊക്കെ ചെയ്യാനും പോകുകകാണ്. അതിനുമുമ്പ് ഹയർസെക്കണ്ടറിതലം വരെയോ അതുമല്ലെങ്കിൽ പത്താംതരം വരെയെങ്കിലുമോ നിർബന്ധമായും പഠനമാധ്യമം മലയാളമാക്കുന്ന കാര്യത്തിലും ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തിലും തുടങ്ങി നമ്മുടെ ഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നാം ഉറച്ച ചില ചുവടുവയ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അതേപറ്റിയൊക്കെ ഗൌരവപ്പെടാൻ പറ്റിയ ഒരു സമയമാണിത്.

(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയ എഡിറ്റോറിയൽ)

വെളുത്തിരൻ ഓർമ്മയായി

വെളുത്തിരൻ ഓർമ്മയായി

തട്ടത്തുമല, 2013 ഒക്ടോബർ 3: തട്ടത്തുമലയിലെ പ്രശസ്ത കർഷകത്തൊഴിലാളിയും “മീൻ‌വെട്ടുവിദഗ്ദ്ധനും” നാട്ടുകാർക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്ന വെളുത്തിരൻ 2013 ഒക്ടോബർ 3-നു രാവിലെ മരണപ്പെട്ടു. ജീവിതത്തിലുടനീളം നാട്ടുകാരുടെ ഉൾനിറഞ്ഞ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ജീവിച്ച പരേതന്റെ പ്രായം അത്രമേൽ ആർക്കും നിശ്ചയമില്ല. നൂറുവയസ്സിനു മുകളിൽ പ്രായമുണ്ടാകുമെന്ന കാര്യത്തിൽ അധികമാരും തർക്കിച്ചു കാണുന്നില്ല. അപൂർവ്വം മാത്രം ഉടുപ്പിട്ടു കാണുന്ന വെളുത്തിരൻ എന്ന ഈ ദളിദ് വൃദ്ധൻ മുട്ടിനുമേൽ ഇത്തിരിതുണ്ടം തുണിയുമുടുത്ത് ഇളിയിൽ ഒരു വെട്ടുകത്തിയുമായി ഒരു ചെറുവടിയും കുത്തി നടന്നു നീങ്ങുന്നത് ഏവർക്കും കൌതുകമുള്ള കാഴ്ചയായിരുന്നു. ഒരു വട്ടക്കണ്ണടയും അല്പം കൂടി പൊക്കവും ഉണ്ടായിരുന്നെങ്കിൽ സാക്ഷാൽ ഗാന്ധിജിയെപ്പോലെ തന്നെയിരുന്നേനെ! സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരുടെയും കുശലാന്വേഷണങ്ങൾക്ക് കാതുകൊടുത്ത് മുച്ചുണ്ടു നീട്ടി നിഷ്കളങ്കമയി ചിരിച്ചുനിന്ന് മറുപടിയേകാൻ ഇനി വെളുത്തിരനില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട വെളുത്തിരൻ ഇനി ഓർമ്മകളിൽ മാത്രം. പേരു വെളുത്തിരൻ എന്നാണെങ്കിലും ആളു “കറുത്തിരനായിരുന്നു“. കുള്ളനല്ലെങ്കിലും അധികം ഉയരമില്ലാത്ത ഈ മനുഷ്യന്റെ മൊത്തത്തിലുള്ള ശരീരഘടന ഓർമ്മയിൽ എപ്പോഴും തങ്ങിനിൽക്കും വിധമായിരുന്നു.

ജന്മനാ മുച്ചുണ്ട് എന്ന ദൌർഭാഗ്യം ബാധിച്ചിരുന്നതിനാൽ അദ്ദേഹം സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരുന്നു. മുച്ചുണ്ട് എന്നാൽ ചുണ്ടിന്റെ ഒരുവശം കീറി വായ് പൂർണ്ണമായുമടച്ചുവയ്ക്കനാകാത്ത അവസ്ഥ; സംസാരിക്കാനും അല്പം പ്രയാസമുണ്ടാകും. ശബ്ദം മൂക്കിൽ നിന്നും വരുമ്പൊലെ തോന്നും. അതുകൊണ്ടാകാം ആവശ്യത്തിലധികം സംസാരിക്കുന്ന പ്രകൃതം വെളുത്തിരനുണ്ടായിരുന്നില്ല. വെളുത്തിരൻ മുന്നിൽ വന്നു നിന്നാൽ അദ്ദേഹത്തിന്റെ ഇംഗിതമെന്തെന്ന് പറയാതെതന്നെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാമായിരുന്നു. പൈസയാണു വേണ്ടതെങ്കിൽ വീട്ടിന്റെ മുൻ‌വശത്തു വന്നു നിൽക്കും. അല്ല വിശന്നിട്ടാണു വരവെങ്കിൽ നേരെ വീടിന്റെ അടുക്കള ഭാഗത്ത് ചെന്ന് ഒരു ചെറുസദ്യയുണ്ണാനുള്ള തയ്യാറെടുപ്പോടെ ചമ്രം പടഞ്ഞിരിക്കും. തമ്പ്രാക്കൾ കോരനു കഞ്ഞി കുമ്പിളിൽ നൽകിയിരുന്ന പണ്ടത്തെ ദളിതരുടെ ആ ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ തറയിലെവിടെയെങ്കിലുംതന്നെ വെളുത്തിരന്റെ ആ ഇരിപ്പ്! വെളുത്തിരനു ഒരു ചെറുതുകയോ ഒരു നേരത്തെ ആഹാരമോ മിക്ക വീടുകളിലും ഒരു അവകാശം പോലെ ആയിരുന്നു. ആവുന്ന കാലത്ത് അവരുടെയൊക്കെ നിലങ്ങളിലും കരപ്പുരയിടങ്ങളിലും എല്ലാം എല്ലുമുറിയെ പണിചെയ്തിട്ടുള്ളതാണ് വെളുത്തിരൻ. അതുകൊണ്ടുതന്നെ അത് അദ്ദേഹത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായിരുന്നു. തട്ടത്തുമല കവലയിൽ വച്ച് വെളുത്തിരനെ കാണുന്ന പരിചയക്കാർ പലരും ഇടയ്ക്കിടെ ചോദിക്കാതെതന്നെ ചെറുതുകകൾ സംഭാവനകൾ നൽകിയിരുന്നു.

ആരോഗ്യമുള്ളകാലമത്രയും വയലായ വയലുകളും കരയായ കരകളും ഉഴുതുമറിച്ച് മണ്ണൊരുക്കി മണ്ണിൽ പൊന്നു വിളയിച്ച ഈ കർഷകത്തൊഴിലാളിയെ അത്രവേഗം ആർക്കും മറക്കാനാകില്ല. കാളപൂട്ടിയും മൺ‌വെട്ടികൊണ്ടും ഉഴുതുമറിച്ച് പച്ചപ്പു വിരിച്ച് സ്വർണ്ണവ്വർണ്ണത്തിൽ നെൽമണികൾ വിളയിച്ചിരുന്ന കൃഷിനിലങ്ങളിൽപോലും കോൺക്രീറ്റ്കൃഷികൾ ആകാശത്തോളം വളർന്നു പരിലസിച്ചു നിൽക്കുമ്പോഴും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാതെ, തല ചായ്ക്കാൻ സ്വന്തമായി ഒരു കുടിൽ‌ക്കൂരയെങ്കിലുമില്ലാതെ മണ്മറഞ്ഞുപോയ എത്രയോ “കറുത്തിരന്മാർക്ക്“ പിന്നാലെ പേരുകൊണ്ടു വെളുത്തിരനായ ഒരു കറുത്തിരൻ കൂടി ഓർമ്മയായി. വയലുകളിലാണ് വെളുത്തിരൻ കൂടുതലും പണിയെടുത്തിരുന്നത്. നിലമൊരുക്കലിന്റെയും നെൽകൃഷിയുടെയും കാര്യത്തിൽ പരിണിതപ്രജ്ഞനായിരുന്നു വെളുത്തിരൻ. പ്രത്യേകിച്ച് മറ്റ് പണികളൊന്നുമില്ലാത്ത സമയങ്ങളിലും മിക്കവാറും ഏതെങ്കിലും വയൽ വരമ്പിലോ തോട്ടുവരമ്പിലോ കുത്തിയിരുന്ന് വെളുത്തിരൻ ചൂണ്ടയിടുന്നതു കാണാം. ചിലപ്പോൾ വെട്ടുകത്തിയുമായി മീൻ വെട്ടാൻ വാക്കുനോക്കി വയലിലും തോട്ടിലുമൊക്കെ ഇറങ്ങി നടക്കുന്നുണ്ടാകും. എപ്പോഴുമിങ്ങനെ വയൽനിലങ്ങളെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടുന്നതുകൊണ്ട് വെളുത്തിരം പോയാൽ അങ്ങേ കണ്ടം അല്ലെങ്കിൽ ഇങ്ങേകണ്ടം എന്നൊരു ചൊല്ലുതന്നെ നാട്ടിലുണ്ടായി.

വർദ്ധക്യത്തിന്റെ അനാരോഗ്യം മൂലം മണ്ണിൽ അദ്ധ്വാനിക്കുവാനുള്ള ശേഷി തീരെ ഇല്ലാതായശേഷവും തന്റെ ഇഷ്ടവിനോദവും “അഡീഷണൽ” തൊഴിലുമായിരുന്ന തോട്ടു മീൻ പിടിക്കൽ വെളുത്തിരൻ അടുത്തകാലം വരെയും തുടർന്നിരുന്നു. നടക്കാൻ തീരെ പ്രയാസമനുഭവപ്പെട്ടു തുടങ്ങിയിട്ടേ തന്റെ ഇഷ്ട വിനോദം കൂടിയായ തോട്ടുമീൻ‌പിടിത്തം അദ്ദേഹം നിർത്തിയുള്ളൂ. തോട്ടു മീനുകളെ വെട്ടിപ്പിടിക്കുന്നതിലും ചൂണ്ടയിട്ട് പിടിക്കുന്നതിലും അതീവ സാമർദ്ധ്യമായിരുന്നു അദ്ദേഹത്തിന്. കൊണ്ടു വച്ചിരുന്നത് എടുക്കുന്നതുപോലെയാണ് തോടുകളിൽ ആ ഈ മനുഷ്യൻ മീൻപിടിക്കുന്നത്! തരപ്പെട്ടാൽ മീൻവെട്ടാനാണ് സദാ ഒരു വെട്ടുകത്തി ഇളിയിൽ തൂക്കി നടക്കുന്നത്. എപ്പോഴും ശാന്തനും സമാധാന പ്രിയനുമായിരുന്ന വെളുത്തിരനു പക്ഷെ മിൻവെട്ടുന്ന സമയത്ത് വല്ലാത്തൊരാവേശവും വെപ്രാളവുമൊക്കെയാണ്. നിമിഷങ്ങൾക്കുള്ളിൽ കനത്തു നീണ്ട എത്രയോ നെടുമീനുകൾ തന്റെ വെട്ടുകത്തിക്കിരയായും ചൂണ്ടനൂലിൽ കുരുങ്ങിയും വെളുത്തിരന്റെകൈകളിലായിരിക്കുന്നു! വെട്ടുകത്തിയോ ചൂണ്ടയോ ഒന്നുമില്ലാതെ ഫ്രീഹാൻഡിൽത്തന്നെ മീൻപിടിക്കുന്നതിലും വിരുത് കാട്ടിയിരുന്ന വെളുത്തിരൻ. മണിക്കൂറുകളോളം ചൂണ്ടയുമിട്ട് പലരും നിരാശരായിരിക്കുമ്പോഴാകും വെളുത്തിരന്റെ പെർഫോമൻസ്. ഇത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. മഴക്കലാമായാൽ അദ്ദേഹം കിലോമീറ്ററുകൾ താണ്ടി വിവിധ സ്ഥലങ്ങളിൽ പോയി തോട്ടു‌മീൻ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നു. മഴക്കാലമായിരുന്നു അദ്ദേഹത്തിന്റെ ആഘോഷകാലം എന്നുതന്നെ പറയാം.

പക്ഷെ താൻ പിടിക്കുന്ന വിലപിടിപ്പുള്ള നെടുമീനുകളെ വിലപേശി വിൽക്കാൻ മാത്രം ഈ പാവം നിരക്ഷരന് അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ചെറിയ നോട്ടുകൾ നൽകിയാൽ വെളുത്തിരൻ പിടിച്ച മീനുകളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത് പലരും ചൂഷണം ചെയ്തിരുന്നു. തട്ടത്തുമലക്കാരല്ല, തട്ടത്തുമലയ്ക്ക് പുറത്തുള്ള ആളുകളാണ് അങ്ങനെ ആ പാവത്തിനെ പറ്റിച്ചിരുന്നത്. സ്വന്തം നാട്ടുകാർക്ക് വെളുത്തിരനെ അങ്ങനെ പറ്റിയ്ക്കാൻ ഒരിക്കലും മനസ്സനുവദിക്കില്ല. തട്ടത്തുമല പ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ വച്ച് വെളുത്തിരനെ പറ്റിച്ചും വിരട്ടിയും മീൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽ‌പ്പെടുന്ന തട്ടത്തുമലക്കാർ ഇടപെട്ട് പറ്റിപ്പുകാരിൽ നിന്ന് വെളുത്തിരനെ രക്ഷപ്പെടുത്തിയ സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. വെളുത്തിരന്റെ അദ്ധ്വാനഫലത്തെ പറ്റിച്ചുവാങ്ങുന്നത് കണ്ടു നിന്നാൽ തട്ടത്തുമലക്കാരുടെ ധാർമ്മികരോഷം ഉണരാതിരിക്കില്ലല്ലോ! തട്ടത്തുമലയിൽ ത്തന്നെ എം.സി റോഡിനരികിൽ വെളുത്തിരൻ പിടിച്ച മീനുകളെ പ്രദർശനം-കം- വില്പനയ്ക്കു വയ്ക്കുമ്പോൾ മീൻ കാണാനും വാങ്ങാനുമായി അതുവഴി പോകുന്ന വാഹനങ്ങൾ നിർത്തി യാത്രക്കാരിറങ്ങിയിരുന്നു. അപ്പോൾ വെളുത്തിരൻ പറ്റിയ്ക്കപ്പെടാതിരിക്കാൻ മീനിന്റെ വില നിശ്ചയിക്കുന്നത് നാട്ടുകാരായിരുന്നു.

അനാരോഗ്യം മൂലം കാർഷികജോലികളും തോട്ടുമീൻ പിടിത്തവും ഉൾപ്പെടെ എല്ലാജോലികളിൽ നിന്നു വിരമിച്ചശേഷം നാട്ടിലെ ഓരോ വീടുകളിലും കയറിയിറങ്ങിയും തട്ടത്തുമലക്കവലയിൽനിൽക്കുമ്പോൾ ആളുകൾ അറിഞ്ഞു നൽകുന്ന ചെറുസംഭാവനകൾ കൊണ്ടും അന്നന്നത്തെ വിശപ്പിന്റെ പ്രശ്നം ഭക്ഷണപ്രിയനായ വെളുത്തിരൻ പരിഹരിച്ചു പോന്നു. വെളുത്തിരൻ വളരെ സമാധാനത്തിലിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടു നിൽക്കുന്നവർ ഭക്ഷണത്തോട് ആദരവുള്ളവരായി മാറും. വാർദ്ധക്യത്തിന്റെ അത്യുച്ചാവസ്ഥയിലും വഴിയായ വഴികളിലും വീടായ വീടുകളിലും നിരന്തര സാന്നിധ്യമായിരുന്നു വെളുത്തിരൻ. പ്രായത്തിന്റെ അവശതകൾ കുറച്ചേറെ അലട്ടിത്തുടങ്ങിയിട്ടും ഏതാനും നാളുകൾക്കു മുമ്പുവരെയും അദ്ദേഹം ഇറങ്ങി നടന്നിരുന്നു. ഏതാണ്ട് മൂന്നു മാസത്തിനിപ്പുറമാണ് ദീർഘായുഷ്മാനായ വെളുത്തിരൻ തീരെ കിടപ്പിലായത്. വെളുത്തിരന്റെ ഭാര്യ വർഷങ്ങൾക്കുമുമ്പേ മരിച്ചു. പകൽ മുഴുവൻ ഊരു ചുറ്റിയശേഷം മക്കളുടെയും ചെറുമക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറിമാറിയായിരുന്നു വെളുത്തിരന്റെ അന്തിയുറക്കം.

എത്രയോ വർഷങ്ങളായി എന്റെ വീട്ടിലും അത്ര ദൈർഘ്യമില്ലാത്ത ഇടവേളകൾവച്ച് സന്ദർശനം നടത്തിയിരുന്ന ആളാണ് വെളുത്തിരൻ. വെളുത്തിരന്റെ സന്ദർശനങ്ങളും അദ്ദേഹത്തിനു ചെറുകൈമടക്കും ഭക്ഷണം നൽകലുമെല്ലം നാട്ടിൽ മറ്റ് പലരെയുമെന്നപോലെ എനിക്കും എന്റെ കുടുംബത്തിനും ഏറെ സന്തോഷമുള്ള കാര്യങ്ങളായിരുന്നു. വെളുത്തിരനെ സ്നേഹിക്കാനും വെളുത്തിരനാൽ സ്നേഹിക്കപ്പെടാനും കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ മരണം അകാലത്തിലല്ല, വാർദ്ധക്യത്തിലാണെങ്കിലും ദു:ഖമാണ്. എന്റെ ഓർമ്മകളിൽ നിന്ന് അദ്ദേഹം അത്രവേഗം മറഞ്ഞു പോവുകയുമില്ല. മനുഷ്യായുസിന്റെ പരിമിതികൾ അറിയാവുന്നതിനാൽ വെളുത്തിരനും മരിച്ചുവെന്നയാഥാർത്ഥ്യം അത്യന്തം ദു:ഖപൂർവ്വം ഉൾക്കൊണ്ടുകൊണ്ടുതന്നെ ദീർഘകാലം മണ്ണിനോട് മല്ലടിച്ച് മണ്ണിൽ ധാന്യം വിളയിച്ച കർഷകത്തൊഴിലാളിയും നിഷ്കളങ്കനും നിരുപദ്രവകാരിയുനായിരുന്ന ആ നല്ലമനുഷ്യന് എന്റെ ആദരാഞ്‌ജലികൾ!

കളിമണ്ണ്: വേറിട്ടൊരു ചലച്ചിത്രാനുഭവം

വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. അത്രകണ്ട് നിലവാരമൊന്നും പുലര്‍ത്താന്‍ പോകുന്നില്ല എന്ന മുന്‍വിധിയോടെതന്നെയാണ് ഈ ചിത്രം കാണാന്‍ സ്ക്രീനിനുമുന്നിലെത്തിയത്. വലിയ പ്രതീക്ഷവയ്ക്കാതിരുന്നാല്‍ സമയവും ടിക്കറ്റുകാശും നഷ്ടപ്പെട്ടതില്‍ വലിയ നിരാശ തോന്നില്ലല്ല്ലോ

എന്നാല്‍ കളിമണ്ണ് എന്ന വിവാദചലച്ചിത്രം കണ്ടുതുടങ്ങിയതോടെ എന്റെ മുന്‍വിധികള്‍ ശരിയായിരുന്നില്ലാ എന്നു തോന്നി. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായതല്ല, ഉണ്ടാക്കിയതാണെങ്കില്‍ അത് കച്ചവടതന്ത്രത്തിന്റെതന്നെ ഭാഗമായിരിക്കാം. കലയും കച്ചവടവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ ഇപ്പോള്‍ ആരും അത്ര കാര്യമായെടുക്കുന്നുമില്ലല്ലോ. സിനിമ പിടിക്കാന്‍ പണം വേണം. പണം മുടക്കുന്നവര്‍ ആരോ അവര്‍ക്ക് ലാഭം വേണം. അതുകൊണ്ടുതന്നെ കച്ചവട തന്ത്രങ്ങളെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. കച്ചവടം തന്നെ ലക്ഷ്യമെന്നവര്‍ തുറന്നു പ്രഖ്യാപിച്ചാല്‍ ആ വിമര്‍ശനം കുറെക്കൂടി ദുര്‍ബ്ബലമാകും. എന്തായാലും ഈ സിനിമ കാണാതിരുന്നെങ്കില്‍ അതൊരു നഷ്ടമായിപ്പോയേനെ എന്ന് സിനിമയുടെ തുടക്കത്തില്‍ത്തന്നെ തോന്നി. കാബറേ കണ്ടിട്ടല്ല, സിനിമയുടെ ഗതിയെങ്ങോട്ടാണ് എന്ന സൂചന ലഭിച്ചതുകൊണ്ടാണ് അങ്ങനെ തോന്നിയത്.

കളിമണ്ണ് ഒരു വിശ്വോത്തര കലാശില്പമൊന്നുമല്ല. കച്ചവടവും കലാമൂല്യവും വിളക്കിച്ചേര്‍ത്തിരിക്കുന്ന ഒരു ചിത്രം തന്നെ. പ്രസവരംഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു സാധാരണ ചിത്രം. ഇതിന്റെ പ്രമേയം അത്രകണ്ട് പുതുമയുള്ളതല്ല. മുമ്പും ഇതിനോട് സാമ്യമുള്ള പ്രമേയങ്ങള്‍ പലരും കൈകാര്യം ചെയ്തിട്ടുള്ളതാണ്. കണ്ടിറങ്ങി കഥപറയാന്‍ പാകത്തിലുള്ള ഒരു കഥാചിത്രവുമല്ല ഇത്. എന്നാല്‍ ഈ ചിത്രം മറ്റൊന്നിന്റെയും തനിപ്പകര്‍പ്പല്ല. ഇത് വേറിട്ടൊരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മരിച്ചുപോയ ഒരാളില്‍ നിന്ന് ധാതുശേഖരിച്ച് ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്ന് ആ പ്രസവം ചിത്രീകരികരിച്ച് കാണിക്കുന്നു എന്നതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സമാനപ്രമേയങ്ങളും കഥാഗതികളുമുള്ള മറ്റ് സിനിമകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളായി.

കളിമണ്ണ്‌ മോശപ്പെട്ട ഒരു ചിത്രം എന്നു പറയാനാകില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് കരുതാവുന്ന ഒരു ചിത്രത്തെ എങ്ങനെ മോശപ്പെട്ട ചിത്രം എന്നു പറയാനാകും? കഥയ്ക്കും പ്രമേയത്തിനുമപ്പുറം ഇതിലെ രംഗചിത്രീകരണങ്ങളും സംഭാഷണങ്ങളും വളരെ പ്രധാനപ്പെട്ടതാകുന്നു. സിനിമയുടെ ദൃശ്യഭാഷാപരമായ മികവും ഈ ചിത്രത്തില്‍ അത്യന്തം ദര്‍ശിക്കാം. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ ഇതിന്റെ സംവിധായകന്‍ ബ്ലെസ്സി ഒരു മികച്ച സംവിധായകന്‍ തന്നെ. ശ്വേതാമേനോന്‍ ഏറ്റവും മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം. ഒരു പക്ഷെ ഇതില്‍ എഴുത്തുകാരനും സംവിധായകനും (രണ്ടും ബ്ലെസ്സിതന്നെ) ഉദ്ദേശിച്ച നിലയില്‍ ആ കഥാപാത്രമായി മാറാന്‍ ശ്വേതാമേനൊനല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ലെന്ന് പറയാന്‍ തോന്നുന്ന മികച്ച അഭിനയമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.

നായികപ്രാധാന്യമുള്ള ഒരു ചിത്രമാണിത്. എന്നിരുന്നാലും നായകനോ നായികയോ എന്നതിലപ്പുറം ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇതില്‍ ശരിക്കും നായകത്വം വഹിക്കുന്നത്. അതായത് വിഷയസംബന്ധിയായ ഒരു സര്‍ഗ്ഗചിത്രം. ഈ സിനിമ ചില നല്ല സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുമൊരു കച്ചവട സിനിമയെന്നോ വെറുമൊരു വിനോദസിനിമയെന്നോ പറഞ്ഞ് ഇതിനെ വിലകുറച്ചുകാണാന്‍ കഴിയില്ല. കലാമൂല്യവും വൈജ്ഞാനികമൂല്യവും കച്ചവട-വിനോദ മൂല്യങ്ങളെക്കാള്‍ പ്രകടമായി കാണാന്‍ കഴിയുന്നതാണ് ഈ ചിത്രം. സിനിമയ്ക്കകത്തും പുറത്തും സംവാദങ്ങള്‍ കൊണ്ട് സമ്പന്നമായതിനാല്‍ ഒരു സര്‍ഗ്ഗാത്മക പരിസരത്തുനിന്നുകൊണ്ട് ഈ ചിത്രം കാണുവാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. അതായത് തികച്ചും സചേതനമായ ഒരു സര്‍ഗ്ഗക്കാഴ്ച.

ചില അന്ധവിശ്വാസങ്ങള്‍ ഈ ചിത്രത്തിലൂടെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സൂര്യന്‍ ചക്രവളത്തിലേയ്ക്ക് താഴ്ന്നിറങ്ങുന്ന സമയത്ത് മനസ്സില്‍ വിചാരിക്കുന്നതെന്തും നടക്കുമെന്ന് സുഹാസിനിയെക്കൊണ്ട് പറയിക്കുന്ന ഒരു രംഗം ഉദാഹരണമാണ്. കൂടാതെ ഒഴിവാക്കാവുന്നതോ കുറച്ചുകൂടി മിതത്വം പാലിക്കാവുന്നതോ ആയിരുന്ന ചില രംഗങ്ങള്‍ ഇതിലുണ്ട്. അതിഭാവുകത്വം അരോചകമായ ചില രംഗങ്ങളുമുണ്ട്. അതൊന്നും ചൂഴ്ന്നെടുക്കുന്നില്ല. അങ്ങനെ ചിലതൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ , ഏത് അളവുകോല്‍ വച്ച് അളന്നാലും ഇത് ശരാശരിയിലും എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രമായിരിക്കും. എന്നാല്‍ ഈ ചിത്രത്തെ സംബന്ധിച്ച് സംവിധായകനടക്കമുള്ള സംഘാടകരുടെ എല്ലാ അവകാശവാദങ്ങളെയും അതേപടി അംഗീകരിച്ചുകൊടുക്കുവാനുമാകില്ല. അതില്‍ വളരെ പ്രധാനപ്പെട്ടത് ആ പ്രസവരംഗത്തിന്റെ ചിത്രീകരണം സംബന്ധിച്ചുള്ളതാണ്.

സ്വന്തം പ്രസവരംഗം പൂര്‍ണ്ണമായോ ഭാഗീകമായോ ചിത്രീകരിക്കുവാനും പ്രദര്‍ശിപ്പിക്കാമുള്ള സ്വാതന്ത്ര്യം ശ്വേതയ്ക്ക് അനുഭവിക്കാം. ഒരു സ്ത്രീ സ്വന്തം പ്രസവരംഗം തന്റെ ഇഷ്ടപ്രകാരം പ്രദര്‍ശിപ്പിച്ചാല്‍ തകര്‍ന്നുപോകുന്നതൊന്നുമല്ല സദാചാരം. ഇന്റെര്‍നെറ്റില്‍ കണ്ടാലറയ്ക്കുന്ന നിരവധി യൂ-ട്യൂബ് വീഡിയോകള്‍ സുലഭമാണ്. അതൊക്കെവച്ചുനോക്കുമ്പോള്‍ ഒരു പ്രസവരംഗമൊന്നും അശ്ലീലമേ അല്ല. കളിമണ്ണ് എന്ന സിനിമയിലാകട്ടെ പ്രസവരംഗം കാണിച്ചിരിക്കുന്നത് അശ്ലീലമായിട്ടല്ലതാനും. അതിലെ പ്രസവരംഗം ഏതാനും സെക്കന്റുകളില്‍ അവസാനിക്കുന്നതാണ്. പ്രസവാര്‍ത്ഥിയുടെ പ്രസവസമയത്തെ മുഖഭാവങ്ങള്‍ക്കും ശരീരിക ചലനങ്ങള്‍ക്കുമാണ് അതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. കുഞ്ഞ് പുറത്തേക്കുവരുന്ന രംഗം ഒന്നു മിന്നിമറയുന്നുണ്ടെന്നുമാത്രം. ആ രംഗം ആരെങ്കിലും മറ്റൊരു തരത്തില്‍ ആസ്വദിക്കുമെന്ന് കരുതാനാകില്ല. പ്രസവം സദാചാരവിരുദ്ധവുമല്ല. അതൊരു ജൈവികപ്രക്രിയയാണ്. എന്നാല്‍ ചോദിക്കും ലൈംഗികത ജൈവിക പ്രക്രിയ അല്ലേയെന്ന്. ആണ്. പക്ഷെ ലൈംഗികരംഗങ്ങള്‍ കാമോദ്ദീപകങ്ങളും പല പ്രായത്തിലുള്ളവരെ പലതരത്തില്‍ സ്വാധീനിക്കാനിടയുള്ളതുമാണ്. നമ്മുടെ സദാചാര സങ്കല്പങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗികതയെ അംഗീകരിക്കുന്നുമില്ല. പക്ഷെ പ്രസവം അതല്ലല്ലോ.

ഇതൊക്കെയാണെങ്കിലും പ്രസവരംഗം എന്തിനു ചിത്രീകരിക്കുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യം അല്ലാതാകുന്നില്ല. പ്രസവരംഗങ്ങള്‍ പഠനത്തിനും മറ്റുമായി മുമ്പും സിനിമകളിലും അല്ലാതെയും ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്റെര്‍നെറ്റില്‍ പരതിയാല്‍ ധാരാളം പ്രസവദൃശ്യങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഒട്ടും മറയില്ലാത്തവതന്നെ. എന്നാല്‍ കളിമണ്ണ്‌ എന്ന സിനിമയില്‍ ആ പ്രസവരംഗം നിമിഷാര്‍ദ്ധങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ളതായിരുന്നെങ്കിലും അത് അനിവാര്യമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. തന്റെ ചിത്രത്തില്‍ എന്ത് ചിത്രീകരിക്കണം, എന്ത് ചിത്രീകരിക്കേണ്ടാ എന്നതെല്ലാം ബ്ലെസ്സിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മാതൃത്വത്തിന്റെ മഹത്വം ആളുകള്‍ മനസ്സിലാക്കുവാനാണ് പ്രസവരംഗം ചിത്രീകരിച്ചതെന്ന ബ്ലെസ്സിയുടെ അവകാശവാദത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊടുക്കാനാകില്ല. മാതൃത്വത്തിന്റെ മഹത്വം ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പ്രസവരംഗം ചിത്രീകരിച്ചു കാണിക്കേണ്ടതില്ല. ഫോട്ടോയും സിനിമയുമെല്ലാം കണ്ടുപിടിക്കുന്നതിനുമുമ്പും സ്ത്രീയുണ്ട്. പ്രസവമുണ്ട്. മാതൃത്വമുണ്ട്. അതിനു മഹത്വവുമുണ്ട്.

സ്ത്രീയെയും മാതൃത്വത്തെയും ബഹുമാനിക്കാത്ത കുറച്ചാളുകള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അത് പ്രസവരംഗം ചിത്രീകരിച്ചുകാണാത്തതുകൊണ്ടല്ല . ദൈവത്തെ ആരും കണ്ടിട്ടല്ലല്ലോ ആളുകള്‍ ദൈവത്തിനു മഹത്വം കല്പിക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും അതുകൊണ്ട് എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞാ‍ലേ അംഗികരിക്കൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കളിമണ്ണ് ഒരു നല്ല ചലച്ചിത്രമാണ്. എന്നാല്‍ അതില്‍ ആ പ്രസവരംഗം അങ്ങനെതന്നെ ചിത്രീകരിക്കുന്നത് അത്രകണ്ട് അനിവാര്യമായിരുന്നുവെന്ന് ചിത്രം കണ്ട എല്ലാവരും അഭിപ്രായപ്പെടുമെന്ന് തോന്നുന്നില്ല. കാരണം കുഞ്ഞ് ജനിച്ച് പുറത്തേയ്ക്ക് വരുന്നത് കാണിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും കളിമണ്ണ് നല്ല ചിത്രമാണ്. അതായത് പ്രസവരംഗം ചിത്രീകരിച്ചു എന്നതുകൊണ്ട് കളിമണ്ണ് ഒരു മോശം ചിത്രം ആകുന്നില്ലാ എന്നതുപോലെതന്നെ പ്രസവരംഗം ചിത്രീകരിച്ചില്ലായിരുന്നെങ്കിലും ഇതൊരു മോശം ചിത്രമാകുമായിരുന്നില്ല.

– See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.fbpwqD9l.dpuf

ഭൂമിയും ഭവനവും

ഭൂമിയും ഭവനവും

ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ ക്രമത്തിൽ പോകുന്നവയാണ്. ആദ്യം പറയുന്ന ഈ ആവശ്യങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ എന്നു പറയാം. അടിസ്ഥാനാവശ്യങ്ങൾ എന്നാൽ അനിവാര്യമായ ആവശ്യങ്ങൾ ആണ്. ഏതൊരു രാഷ്ട്രത്തിനും അവിടുത്തെ ജനങ്ങളുടെ ഈ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ബാദ്ധ്യതയുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലും പരിമിതമായ അളവിലെങ്കിലും ഇത് നിറവേറ്റിക്കൊടുക്കാൻ കഴിയുന്നില്ല എന്നത് ഒരു യാഥാർത്ഥ്യവുമാണ്. നമ്മുടെ രാജ്യത്തും അതുതന്നെ സ്ഥിതി. ആധുനിക കാലത്ത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും ഗവർണ്മെന്റ് എന്നാൽ രാജ്യരക്ഷയുടെയും ക്രമസമാധാനപാലനത്തിന്റെയും മാത്രം ചുമതലയുള്ള ഒരു അധികാരകേന്ദ്രം അല്ലെന്ന കാര്യം ശ്രദ്ധിക്കണം.

പട്ടിണിക്കാരുടെയും പാർപ്പിടമില്ലാത്തവരുടെയും എണ്ണപ്പെരുക്കം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെയും അവസ്ഥയാണ്. വസ്ത്രം, ആരോഗ്യ- വിദ്യാഭ്യാസ സൌകര്യങ്ങൾ എന്നിവയുടെ കാര്യത്തിലും പരാധീനതയനുഭവിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ നല്ലൊരുപങ്ക് ജനങ്ങൾ. പ്രാദേശികമായ മറ്റുപല അസംതുലിതാവസ്ഥകൾ വേറെയും. ഇവയിൽ വിസ്താരഭയത്താൽ മറ്റുള്ളവയെ തൽക്കാലം മാറ്റി നിർത്തി പാർപ്പിടപ്രശ്നത്തിന് മാത്രമാണ് ഈ ലേഖനത്തിൽ ഊന്നൽ കൊടുക്കുന്നത്. രാജ്യത്തെ മൊത്തം പ്രശ്നത്തെ തൽക്കാലം മാറ്റി നിർത്തി സൌകര്യാർത്ഥം കേരളത്തിന്റെ മാത്രം കാര്യമേ ഇവിടെ പ്രതിപാദിക്കുന്നുമുള്ളൂ.

നമ്മുടെ സംസ്ഥാനത്ത് ഭൂരഹിതരായ നിരവധി ആളുകളുണ്ട്. ഭൂരഹിതർ എന്നു പറഞ്ഞാൽ കൃഷിയോ മറ്റോ ചെയ്യാൻ ഭൂമിയില്ലാത്തവർ എന്നല്ല അർത്ഥം. തലചായ്ക്കാൻ സ്വന്തമായി ഒരു കൂരവയ്ക്കാൻ ഭൂമിയിൽ ഇടം ലഭിക്കാത്തവർ എന്നാണ്. സമഗ്രമായ ഭൂപരിഷ്കരണ നിയമങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും നമ്മുടെ സംസ്ഥാനത്തെ നല്ലൊരു പങ്ക് ജനങ്ങൾക്ക് ഭൂമിയില്ലാത്തതിന്റെ പ്രശ്നം തൃപ്തികരമായി പരിഹരിക്കുവാൻ സാധിച്ചിട്ടില്ല.

ഈയിടെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ സംഭവബഹുലമായ ഒരു ഭൂസമരം നടക്കുകയുണ്ടായി. മിച്ചഭൂമിസമരം മുമ്പും കമ്മ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളതും വിജയം കണ്ടിട്ടുള്ളതുമാണ്. തിർച്ചയായും ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാർട്ടികൾ ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കേണ്ടതു തന്നെ. നിലവിലുള്ള മിച്ചഭൂമികൾ കണ്ടെത്തി ഭൂരഹിതർക്ക് നൽകുക എന്നതാണ് സർക്കാരിന് നിയമപരമായി ചെയ്തുകൊടുക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയുക. മറ്റൊരാളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ അവർക്കാവശ്യമുള്ളവ കഴിച്ച് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്കു നൽകുക എന്നത് നിലവിലുള്ള നിയമവ്യവസ്ഥിതിയ്ക്കുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്നതുമല്ല. കാരണം തത്വത്തിൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയിൽ ഏതെങ്കിലുമൊരു ഭാഗം എന്റേത് നിന്റേത് എന്ന നിലയിൽ കൈവശം വയ്ക്കുവാൻ രാഷ്ട്രം ആർക്കും അനുവാദം നൽകിയിട്ടില്ലെങ്കിലും സ്വകാര്യസ്വത്തവകാശം നമ്മുടെ രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയുടെ മേലുള്ള ഉടമസ്ഥത എന്നാൽ അത് ഒരു വ്യക്തിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്തവിധം ഉപയോഗിക്കുവാനും ക്രയവിക്രയം ചെയ്യുവാനും ഉള്ള അവകാശം എന്നേ അർത്ഥമുള്ളൂ. ഏത് സമയത്തും രാഷ്ട്രത്തിന് ആരുടെ ഭൂമിയും പിടിച്ചെടുത്ത് പൊതുമുതലാക്കാം. പക്ഷെ അതിനു ന്യായമായ കാരണം വേണം. അല്ലാതെ വ്യക്തികൾ തത്വത്തിൽ നിയമവിധേയമായി ഉടമസ്ഥതയിൽ വയ്ക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെങ്കിൽ അതിന് പുതിയ ശക്തമായ നിയമനിർമ്മാണം നടത്തണം. സ്വന്തമായി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ വിസ്തൃതിസംബന്ധിച്ച് ചില നിയമങ്ങളൊക്കെ നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഉപയോഗിച്ച് ഭൂരഹിതർക്ക് ഭൂമി പിടിച്ചെടുത്ത് നൽകുവാൻ കഴിയില്ല.

ഇന്ത്യയിൽ ഹെക്ടർ കണക്കിന് ഭൂമികൾ ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. ആവശ്യത്തിലധികം ഭൂമി പലരും കൈവശം വച്ച് അനുഭവിക്കുന്നുണ്ട്. അവയിൽ നിന്ന് കുറെ പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകാൻ ശക്തമായ നിയമങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ. എന്നാൽ അത് മിശ്രസമ്പദ് വ്യവസ്ഥയെന്ന ചെല്ലപ്പേരിൽ നിന്നും സമ്പൂർണ്ണ മുതലാളിത്തപാതയിലൂടെ നയിക്കപ്പെടുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ല. അതിനു സമൂലമായ രാഷ്ട്രീയ മാറ്റം ഉണ്ടാകണം. സോഷ്യലിസം വരണം. അതൊന്നും സമീ‍പഭാവിയിൽ സംഭവിക്കുമെന്നും ഇപ്പോൾ കരുതാനാകില്ല.

അപ്പോൾ ഭൂരഹിതരുടെ പ്രശ്നപരിഹാരത്തിന് നിലവിലുള്ള മിച്ചഭൂമികൾ അളന്ന് തിട്ടപ്പെടുത്തി അവ ഭൂരഹിതർക്ക് വീതിച്ചു നൽകുക എന്നതു മാത്രമേ നിലവിൽ പ്രായോഗികമായിട്ടുള്ളൂ. എന്നാൽ നിലവിൽ ഭൂരഹിതരായ എല്ലാവർക്കും ലഭ്യമാക്കാവുന്നത്ര മിച്ചഭൂമി ഇന്ന് കേരളത്തിൽ ഇല്ല. മാത്രവുമല്ല ഇന്ന് എത്ര പരിഹരിച്ചാലും ജനസംഖ്യാ വർദ്ധനവിനനുസരിച്ച് നാളെയും ഭൂമിയില്ലാത്തവർ വീണ്ടുമുണ്ടാകും. അതുകൊണ്ടുതന്നെ മൂന്നോ നാലോ സെന്റ് ഭൂമി വീതം കുറച്ച് ഭൂരഹിതർക്ക് നൽകിയതുകൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ കഴിയില്ല. ഈ ഒരു ചെറുതുണ്ട് ഭൂമി നൽകുന്നത് ഭൂരഹിതർക്ക് സ്വന്തമായി മൂന്നോ നാലോ സെന്റ് ഭൂമിയുണ്ടെന്ന് സ്വയം അഭിമാനിക്കുന “ഭൂഉടമകൾ“ ആക്കാനല്ല്ല. വീടില്ലാത്ത അവർക്ക് വീട് വച്ച് താമസിക്കുവാനാണ്.

ഭൂരഹിതർ എന്നാൽ ഭവന രഹിതർ എന്നുമാണർത്ഥം. ജനസംഖ്യയുടെ വർദ്ധനവിനനുസരിച്ച് ഭൂമി നിർമ്മിക്കുവാനോ, ഉള്ള ഭൂമിയെ വലിച്ചുനീട്ടുവാനോ സാദ്ധ്യമല്ല. ഭാവിയിലും ഭവന രഹിതർ ഉണ്ടാകും. ഭൂരഹിതർ എന്ന വാക്കിനു പകരം ഭവന രഹിതർ എന്ന വാക്കാണ് ആ‍ധുനിക കാലത്ത് നമ്മൾ ഉപയോഗിക്കേണ്ടത്. ഭവന രാഹിത്യത്തിനുള്ള കുറച്ചുകൂടി ഫലപ്രദമായ പരിഹാരം ഒരു വ്യക്തിയ്ക്കോ കുടുംബത്തിനോ ഒരു ചെറുതുണ്ട് ഭൂമി നൽകലല്ല. മറിച്ച് ഉള്ള ഭൂമിയിൽ ബഹുനില ഫ്ലാറ്റുകൾ നിർമ്മിച്ച് ആവശ്യമായ മറ്റ് ഭൌതിക സാഹചര്യങ്ങളും ഒരുക്കി കൂടുതൽ ആളുകൾക്ക് വാസസ്ഥലം ഒരുക്കിക്കൊടുക്കുക എന്നതാണ്. ഭൂവിസ്തൃതി കുറഞ്ഞ രാജ്യങ്ങളിലെല്ലാം പാർപ്പിട സൌകര്യം ഒരുക്കുന്നത് അങ്ങനെയാണ്.

നമ്മൾ ഇപ്പോഴും ഭവനരഹിതർക്ക് ഭവനം എന്ന ലക്ഷ്യത്തിനുപകരം ഭൂരഹിതർക്ക് ഭൂമി എന്നിടത്തുതന്നെ നിൽക്കുന്നത് വലിപ്പത്തിൽ ലോകത്ത് ഏഴാം സ്ഥാനത്ത് നിൽക്കുന്ന വിശാലമായ ഭൂവിസ്തൃതിയുള്ള ഒരു രാജ്യത്ത് ജീവിച്ച് ശീലിച്ചുപോയതുകൊണ്ടാണ്. പക്ഷെ ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഭൂവിസ്തൃതി അത്ര വിശാലമല്ലെന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണം. ഇവിടെ ഭൂമിയുടെ ലഭ്യതയ്ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ആകെ ഉള്ള മിച്ചഭൂമി കുറച്ചുപേർക്ക് മാത്രം അളന്നു നൽകി പ്രശ്നത്തെ ചുരുക്കികാണുകയല്ല വേണ്ടത്. ലഭ്യമാക്കാൻ കഴിയുന്നത്ര ഭൂമികളിൽ വിശാലമായ ബഹുനിലഫ്ലാറ്റുകൾ നിർമ്മിച്ച് കഴിയുന്നത്ര ഭവനരഹിതർക്ക് താമസിക്കാൻ ഇടം നൽകുക എന്നതാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടി. അങ്ങനെയെങ്കിൽ പാർപ്പിടപ്രശ്നത്തിന്റെ കാര്യത്തിൽ ഉള്ള ഭൂമിയെ ഫലപ്രദമായി ഉപയോഗിക്കുന്നവർ എന്ന് ഭാവിയിൽ നമുക്ക് അഭിമാനിക്കാം.

മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?

മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?
കേരളത്തില്‍ ഒരു മലയാള സര്‍വ്വകലാശാല നിലവിൽവന്നു കഴിഞ്ഞു. മലയാളഭാഷയെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും  ചെയ്യുക എന്നത് സ്വാഭാവികമായും ഇതിന്റെ ലക്ഷ്യമാണ്. എന്നാൽ  ഈ സർവ്വകലാശാല എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപം ഇനിയും കൈവന്നിട്ടില്ല. അതിനുള്ള ആലോചനകളും ചർച്ചകളും  തുടരുകയാണ്. ഒരു സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടുമാത്രം ഒരു ഭാഷ നിലനിൽക്കുമോ അഥവാ  നിലനിന്നാൽത്തന്നെ എത്രകാലം എന്നും മറ്റും ഉള്ള  ആശങ്കകൾ  ഒരു വശത്ത് നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ മലയാള ഭാഷ. കാരണം ഇംഗ്ലീഷ് പോലെ ഒരു ലോക ഭാഷയല്ല മലയാളം. നമ്മുടെ രാഷ്ട്രഭാഷയായി അംഗീകരിച്ചിരിക്കുന്ന ഹിന്ദിപോലെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സംസാരിക്കപ്പെടുന്ന ഒരു ഭാഷയുമല്ല ഇത്. കേരളീയരും  കേരളവുമായി പൂർവ്വികബന്ധമുള്ളവരുമല്ലാതെ  ലോകത്തെങ്ങും മലയാളം ആരുടെയും മാതൃഭാഷയല്ല. വർഷങ്ങളുടെ പ്രവാസ പാരമ്പര്യമുള്ളവരും മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ളവരുമായ വിഭാഗങ്ങൾക്കും അത് മാതൃഭാഷയല്ല.കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവർക്കും  കേരളവുമായുള്ള ബന്ധം നിലനിർത്തിപ്പോരുന്ന പ്രവാസികൾക്കും മാത്രമാണ് മലയാളം മാതൃഭാഷയായിട്ടുള്ളത്. ആ നിലയിൽ അവർക്ക്  ഈ ഭാഷയോട്  താല്പര്യവും കൂറും ഉണ്ടാകേണ്ടതുമാണ്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ താമസിക്കുന്നവർക്കുകൂടിയും മലയാളം ഇന്ന് വേണ്ടാതായിരിക്കുന്നു. പുതിയ തലമുറയെ എത്രത്തോളം മലയാളം അറിയാത്തവരായി വളർത്തിയെടുക്കാൻ കഴിയും  എന്നാണ് ഇവിടുത്തെ രക്ഷകർത്താക്കൾ ചിന്തിക്കുന്നത്.  സ്വന്തം മാതൃഭാഷയ്ക്ക് ഇവിടെ ഇന്ന് ആരും മാന്യത കല്പിക്കുന്നില്ല. കുട്ടികളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ മലയാളഭാഷയ്ക്കു കഴിയില്ലെന്നും അതിന് ഇംഗ്ലീഷിന്റെ വഴിയേ പോകണമെന്നും സമൂഹം ധരിക്കുന്നു. തമിഴർ, കന്നടക്കാർ തുടങ്ങിയ മറ്റ് ഭാഷക്കാർക്ക് അവരുടെ ഭാഷകളോട്  ഉള്ളതുപോലെ സ്വന്തം ഭാഷയോട് ഒരു അതിവൈകാരികത മലയാളികൾക്കില്ല. കന്നട വേണ്ടാത്തവർ കർണ്ണാടകം വിടണമെന്നു പറയുന്നതുപോലെ മലയാളം വേണ്ടത്തവർ കേരളം വിടുക എന്ന് ഇവിടെ ആരും പറയില്ല. തമിഴ്നാട്ടിലെ ഏത് സ്ഥാപനങ്ങളുടെയും പേരുകൾ  തമിഴിൽത്തന്നെ എഴുതി വയ്ക്കണമെന്നതിൽ നിർബന്ധമുള്ള തമിഴരെ പോലെയല്ല, ഇംഗ്ലീഷിൽത്തന്നെ ബോർഡ്  എഴുതി  വയ്ക്കണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ. സ്വന്തം ഭാഷയുടെ കാര്യത്തിൽ മലയാളികൾക്ക്  നിർബന്ധങ്ങളോ  നിബന്ധനകളോ ഒന്നുമില്ല. ജനിച്ചപ്പോഴേ പഠിച്ചുപോയതുകൊണ്ടും ഇംഗ്ലീഷ് അനായാസം  സംസാരിക്കാൻ അറിയാത്തതുകൊണ്ടും മുറി ഇംഗ്ലീഷിന്റെ മേമ്പൊടി ചേർത്ത് സംസാരിക്കാനൊരു ഭാഷ എന്നതിനപ്പുറം മലയാളഭാഷയെക്കുറിച്ച്  യാതൊരുല്‍കണ്ഠകളും ശരാശരി മലയാളിയ്ക്കില്ല.

ജീവിത സൗകര്യങ്ങൾ കൂടുന്തോറും മലയാളവുമായുള്ള അകലം കൂട്ടാനാണ് വലിയൊരു വിഭാഗം മലയാളികൾക്കിഷ്ടം. മക്കളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആയിരിക്കണമെന്ന് രക്ഷകർത്താക്കളിൽ നല്ലൊരു പങ്ക് ശഠിക്കുന്നു.  അഥവാ കുട്ടികളുടെ മേൽ ഒരു മറുഭാഷ അടിച്ചേല്പിച്ച് അവരിൽ ഉണ്ടാകേണ്ട  മാതൃഭാഷാബോധം മരവിപ്പിക്കുന്നു. വരുന്ന തലമുറ മുഴുവൻ ആ വഴിയേ നയിക്കപ്പെടുകവഴി മലയാളിസമുഹം എന്നൊന്ന് പെട്ടെന്ന് അല്ലെങ്കിലും ഭാവിയിൽ ഇല്ലാതാകും എന്നു പറഞ്ഞാൽ അതിൽ അദ്ഭുതപ്പെടാനില്ല. പത്താം തരം  വരെയെങ്കിലും പഠന ഭാഷ എല്ലാവർക്കും മലയാളമായിരിക്കണമെന്ന് കർശനമായി നിഷ്ക്കർഷിക്കാൻ സർക്കാരും തയ്യാറാകുന്നില്ല. ഇം.ഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്ന തരംതിരിവ് ഇല്ലാതാക്കാൻ നിയമം കൊണ്ടു വരേണ്ടതാണ്. ഇത് രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിയാണെന്ന് പണ്ടു മുതലേ ആക്ഷേപമുള്ളതാണ്. ഒന്നുകിൽ എല്ലാ സ്കൂളുകളും മലയാളം മീഡിയം  ആക്കണം. അല്ലെങ്കിൽ എല്ലാം ഇംഗ്ലീഷ്  മീഡിയം ആക്കണം. അതാണ് നീതിപൂർവ്വമായ വിദ്യാഭ്യാസം. അദ്ധ്യയന മാദ്ധ്യമം കർശനമായും മലയാളമാക്കിയിട്ട് ഒന്നാം ക്ലാസ്സ് മുതൽ തന്നെ ഇംഗ്ലീഷ്  വേണ്ടവിധം  പഠിപ്പിക്കുകയും ഈ  ലോകഭാഷയിൽ നല്ല  പ്രാവീണ്യം നേടാൻ കുട്ടികളെ  പ്രാപ്തരാക്കുകയും ചെയ്യണം.  ഇന്ന്  ഇം.ഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നവരായാലും മലയാളം മീഡിയത്തിൽ പഠിക്കുന്നവരായാലും  പ്ലസ്-ടൂവും അതിനു മുകളിലും വിദ്യാഭ്യാസം നേടിയാലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ലെന്നതോ പോകട്ടെ, തെറ്റില്ലാതെ എഴുതാനും വായിക്കാനും കൂടി കഴിയാത്തവരാണ് നമ്മളിൽ ബഹുഭൂരിപക്ഷവും. മലയാളം മീഡിയം സ്കൂളുകളിലൂടെ തന്നെ മെച്ചപ്പെട്ട  സിലബസിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും കുട്ടികളെ ഉയർന്ന നിലവാരത്തിലേയ്ക്കു ഉയർത്താൻ സാധിക്കും. മലയാളസ്നേഹം എന്നാൽ ഇംഗ്ലിഷിനോടോ ഇതര ഭാഷകളോടോ ഉള്ള വെറുപ്പല്ല. ഇംഗ്ലീഷും ഹിന്ദിയും കൂടി നമ്മുടെ കുട്ടികൾ വേണ്ടവിധം സ്വായത്തമാക്കണമെന്നതിൽ ഒരു മാതൃഭാഷാ സ്നേഹിക്കും എതിർപ്പുണ്ടാകില്ല. മാതൃഭാഷയെ ഉപേക്ഷിച്ചുകൊണ്ട് മറുഭാഷ പഠിക്കുക എന്നത് ഒരു അലങ്കാരമായി കാണരുതെന്നേ  പറയുന്നുള്ളൂ.

നമ്മുടെ മാതൃഭാഷ മലയാളമാണ്. മലയാളഭാഷ നിലനിർത്തേണ്ടതും അതിനെ പരിപോഷിപ്പിക്കേണ്ടതും മലയാളികളാണ്.  മലയാളികൾക്ക് ഈ ഭാഷ വേണ്ടാതായാൽ ഒരു ഗോളാന്തര സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടു പോലും ഈ ഭാഷയെ സംരക്ഷിക്കാനോ വികസിപ്പിക്കുവാനോ കഴിയില്ല. ഈ യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടു വേണം നമ്മുടെ മലയാള സർവ്വകലാശാല എന്തായിരിക്കണമെന്നും എന്തിനുവേണ്ടി ആയിരിക്കണമെന്നും  എങ്ങനെ ആയിരിക്കണമെന്നും മറ്റും തീരുമാനിക്കപ്പെടേണ്ടത്. ആദ്യം മലയാളം നമ്മുടെ മാതൃഭാഷയാണെന്നും അതിനെ നിലനിർത്തേണ്ടത് മലയാളികളുടെ ബാദ്ധ്യതയാണെന്നും ഉള്ള അവബോധം അരക്കിട്ടുറപ്പിക്കപ്പെടണം. ലോകത്തിന്റെ വാതായനങ്ങൾ തുറന്നുകിട്ടുവാൻ മാതൃഭാഷ മറന്ന് ഒരു ലോകഭാഷ പഠിക്കണമെന്നില്ല്ലെന്നും ഏതാനും പേർ മറുഭാഷകൾ കൂടി സ്വായത്തമാക്കുക വഴി ഒരു ഭാഷ മാത്രമറിയാവുന്നവരുടെകൂടി  ഭാഷാപരമായ പരിമിതികൾ തരണം  ചെയ്യാൻ കഴിയുമെന്നും മനസ്സിലാക്കണം. സ്വന്തം ഭാഷയെ നെഞ്ചോട് ചേർക്കുക എന്നു പറഞ്ഞാൽ മറ്റുഭാഷകൾ പഠിക്കരുതെന്നോ അവയെ വെറുക്കണമെന്നോ അല്ല. എത്ര ഭാഷ പഠിക്കാൻ കഴിയുന്നുവോ അത്രയും നന്ന്. പക്ഷെ മുലപ്പാലിനോടൊപ്പം കിട്ടുന്ന അമ്മഭാഷ സംസാരിക്കുമ്പോഴും എഴുതുമ്പോഴും കിട്ടുന്ന നിർവൃതി മറ്റൊരു ഭാഷയിൽ നിന്ന് ലഭിക്കില്ല. മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന  നിർവൃതി വേറെയാണ്. എന്നാൽ  ഇംഗ്ലീഷ് തന്നെ മാതൃഭാഷയാക്കിയാലോ എന്നു ചിന്തിക്കുന്നവരെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലതാനും. ഒരു ഭാഷ രൂപം കൊണ്ട് അത് വളർന്ന് വികാസം പ്രാപിക്കുന്നത് സഹസ്രാബ്ദങ്ങൾ കൊണ്ടാണ്. എന്നാൽ അവയെ വേണ്ടെന്നു വയ്ക്കുവാൻ അത്രയും അബ്ദങ്ങളൊന്നും ആവശ്യമില്ല. ഏറിയാൽ ഒരു അരനൂറ്റാണ്ടുകൊണ്ട് ഒരു പ്രാദേശിക ഭാഷയെ കൊന്നു കുഴിച്ചു മൂടാം. സ്വന്തം ഭാഷ അടുത്ത തലമുറയെ പഠിപ്പിക്കില്ലെന്ന ഒരു വാശി മാത്രം മതി.

ലോകത്ത് വിവിധ ഭാഷകളുണ്ട്. ഭാഷാപരമായ ഈ വൈവിദ്ധ്യത്തിന്റെ സൗന്ദര്യം നാം ഇന്നും അനുഭവിച്ചു പോരുന്നതാണ്. ഓരോ ഭാഷയും ലോക സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ ഈടുറ്റവയാണ്. ആരും ഇപ്പോൾ സംസാരിക്കാനില്ലാതിരുന്നിട്ടുകൂ

ടി സംസ്കൃത ഭാഷ ഇന്നും നമ്മുടെ ഭാഷയെയും  സാഹിത്യത്തെയും  സംസ്കാരത്തെയും എത്രകണ്ട് സ്വാധീനിക്കുന്നുവെന്ന് നമുക്കറിയാം. അപ്പോൾ വാമൊഴിയും വരമൊഴിയുമായി നിലനിൽക്കുന്ന ഒരു സജീവ ഭാഷയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ഭാഷയെ നിലനിർത്താനൊരു സർവ്വകലാശാല പ്രത്യേകമായി വേണ്ടി വന്നു എന്നതുതന്നെ ഭാഷാസ്നേഹികളിൽ ഉൽക്കണ്ഠ ഉണ്ടാക്കാവുന്ന ഒരു കാര്യമാണ്. നമ്മുടെ ഭാഷ അന്യം നിന്നുപോകും എന്നൊരു ഭയത്തിൽ നിന്നല്ലേ ഇങ്ങനെയൊരു സർവ്വകലാശാലയെക്കുറിച്ചുള്ള ചിന്തകൾ തന്നെ രൂപപ്പെട്ടത് എന്നൊരു സംശയം ന്യായമായും നമുക്ക് സ്വയം തോന്നിയേക്കാം.  എങ്കിലും ഒരു ഭാഷയ്ക്കൊരു സർവ്വകലാശാലയുണ്ടാകുന്നത് ആ ഭാഷയ്ക്കൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇവിടെ മലയാളം പഠിക്കാൻ എത്ര മലയാളികൾ താല്പര്യപൂർവ്വം ഈ സർവ്വകലാശാലയിലേയ്ക്ക് കടന്നു വരും എന്നത് നമുക്ക് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. അഥവാ ഈ സർവ്വകലാശാലയെ പ്രയോജനപ്പെടുത്താൻ ഭാഷാ സ്നേഹം മാത്രം അവർക്ക് പ്രചോദനമാകുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു ചിന്താ വിഷയം. വിദ്യാഭ്യാസം ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ ഒരു വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനുള്ള  ഒരു ഉപാധിയായി മാത്രം സ്വീകരിക്കുന്ന ഒരു ജനസമൂഹത്തിൽ ഭാഷ ഒരു ലക്ഷ്യവും മാർഗ്ഗവുമായി  സ്വീകരിക്കപ്പെടണമെങ്കിൽ അതിന് ഭാഷ എന്ന ഒരു വികാരത്തിന്റെ പ്രചോദനം മാത്രം മതിയാകില്ലെന്ന യാഥാർത്ഥ്യ ബോധം പുതിയ സർവ്വകലാശാലയുടെ സാരഥികൾക്ക് ഉണ്ടാകണം. അതായത് മലയാള സർവ്വകലാശാലയുടെ പ്രായോഗിക സമീപനങ്ങൾ എങ്ങനെയായിരിക്കും എന്നത് എല്ലാവരിലും ജിജ്ഞാസ ഉളവാക്കുന്നുണ്ട്.

അതിരുകളില്ലാത്ത ചില സ്വപ്നങ്ങൾ

സാധാരണ സർവ്വകലാശാലകൾ നടത്തിവരാറുള്ള കോഴ്സുകൾ എന്നതിലപ്പുറം  പ്രായ-വിദ്യാഭ്യാസ ഭേദമന്യേ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഭാഷയോടും സാഹിത്യത്തോടുമുള്ള താല്പര്യം കൊണ്ടു മാത്രം മലയാള സർവ്വകലാശാലയെ ആശ്രയിക്കാൻ വിദ്യാർത്ഥികൾ ഒഴുകിവരുമെന്നു കരുതാനാകില്ല.  മെച്ചപ്പെട്ട ഒരു തൊഴിലും വരുമാനവും അതുവഴി ഉയർന്ന ജീവിത നിലവാരവും കൈവരിക്കുവാനുള്ള ഒരു ഉപാധിയാണ് ഔപചാരികവിദ്യാഭ്യാസം എന്നതിന്റെ മുഖ്യ ആകർഷണം. ആ നിലയിൽ വിദ്യാഭ്യാസത്തെ കാണുന്നവർ മലയാള സർവ്വകലാശാലയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവിടെനിന്നൊരു ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാലുള്ള തൊഴിൽ സാധ്യതയെപ്പറ്റിയായിരിക്കും ആദ്യം ചിന്തിക്കുക. അതിന് വ്യക്തമായൊരുത്തരം കിട്ടിയില്ലെങ്കിൽ യുവാക്കൾക്ക് മലയാള സർവ്വകലാശാല ഒരു ആകർഷണമാകില്ല. അതുകൊണ്ടുതന്നെ തൊഴിൽസാധ്യതകൂടി മുന്നിൽ കണ്ട് പഠിക്കാനാഗ്രഹിക്കുന്നവരെ ആകർഷിക്കത്തക്ക കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ലഭ്യമാക്കണം. എസ്.എസ്.എൽ.സി  കഴിഞ്ഞു വരുന്നവർക്കും പ്ലസ്-ടു കഴിഞ്ഞു  വരുന്നവർക്കും മറ്റു സർവ്വകാലാശാലകളിൽ നിന്ന് ബിരുദം കഴിഞ്ഞു വരുന്നവർക്കും ബിരിദാനന്തര ബിരുദം കഴിഞ്ഞു വരുന്നവർക്കും ഒക്കെ  ചേരാവുന്ന നിലവാരമുള്ള കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഒപ്പം ഭാഷാ ഗവേഷണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ സർവ്വകലാശാലയിൽ ഉണ്ടായിരിക്കണം.

എസ്.എസ്.എൽ.സി കഴിഞ്ഞുവരുന്നവർക്ക് പ്ലസ്-ടുവിനു തുല്യമായ രണ്ടുവർഷത്തെ കോഴ്സുകൾ ആരംഭിക്കാം. എന്നാൽ മലയാള സർവ്വകലാശാലയിൽ നിന്നുള്ള  പ്ലസ്-ടൂ നിലവിലെ റ്റി.റ്റി.സി കോഴ്സിനു തുല്യവുമായിരിക്കണം. യു.പി. ക്ലാസ്സുകളിൽ മലയാളഭാഷാ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള ഒരു യോഗ്യതാപത്രം കൂടിയാകണം മലയാള സർവ്വകലാശാലയിൽ നിന്നുള്ള പ്ലസ്-ടൂ. ഈ കോഴ്സിന്റെ ഡ്യൂറേഷൻ മൂന്നുവർഷമാക്കിയാലും  കുഴപ്പമില്ല.  അതുപോലെ സധാരണ പ്ലസ്-ടൂ കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്കായി മൂന്നോ നാലോ വർഷം നീളുന്ന ബിരുദപഠനത്തിന് അവസരമൊരുക്കണം. എന്നാൽ മലയാള സർവ്വ കലാശാലയിലെ ബിരുദം നിലവിലെ ബി-എഡിനു തുല്യമായിരിക്കണം.  ഹൈസ്കൂൾ ക്ലാസ്സുകളിൽ മലയാള ഭാഷാ അദ്ധ്യാപകരായി നിയമിതരാകാൻ ഉള്ള യോഗ്യതാ പത്രമായിരിക്കണം മലയാള സർവ്വകലാശാലയിലെ ബിരുദ സർട്ടിഫിക്കറ്റ്. അതുപോലെ മറ്റ് സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടി വരുന്നവർക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് മലയാള സർവ്വകലാശാല അവസരമൊരുക്കണം. എന്നാൽ ഇത് സാധാരണ മാസ്റ്റർ ബിരുദം ആയിരിക്കരുത്. നിലവിലെ എം.എഡിനു തുല്യമാകണം. മലയാള സർവ്വകലാശാലയിൽ നിന്ന് നേടുന്ന മാസ്റ്റർ ബിരുദം പ്ലസ്-ടൂ തലത്തിലും കോളേജ് തലത്തിലും ( പ്ലസ്സ്-ടൂ മുതൽ മേലോട്ട് ഏതറ്റം വരെയും) മലയാള ഭാഷാ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായിരിക്കണം. മലയാള സർവ്വകലാശാലയിൽ നിന്ന് മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമെടുത്തിറങ്ങുന്നവർക്ക് അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള അധികയോഗ്യതകളെന്ന നിലയ്ക്ക് നടക്കുന്ന സെറ്റ്, നെറ്റ് തുടങ്ങിയവ പോലുള്ള  ഒരു എലിജിബിലിറ്റി ടെസ്റ്റും ആവശ്യമാക്കരുത്.  അല്ലാതെ തന്നെ ഭാഷാ അദ്ധ്യാപകരായി നിയമിതരാകാൻ അവർ യോഗ്യരായിരിക്കണം. മലയാള സർവ്വക്ലാശാലയിൽ നിന്നുള്ള ഭാഷാ ബിരുദം നിലവിലുള്ള  ജേർണ്ണലിസം  ഡിപ്ലോമയ്ക്കും  ബിരുദാനന്തരബിരുദം ജേർണ്ണലിസം ഡിഗ്രിക്കും കൂടി തത്തുല്യമാക്കണം. മലയാള സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് പി.എസി.ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിൽ ഗ്രേസ് മാർക്ക് ഏർപ്പെടുത്തണം. എസ്.എസ്.എൽ.സിയ്ക്ക്   മലയാളത്തിന് ഫുൾ മാർക്കും  ഫുൾ ഗ്രേഡും നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകമായി എൻട്രൻസ് പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്ക്  നേരിട്ട് മലയാള സർവ്വകലാശാലയിൽ  ഡിഗ്രീ പ്രവേശനം നൽകുന്ന ഒരു രീതിയും കൂട്ടത്തിൽ അവലംബിക്കാവുന്നതാണ്. ഇത് പ്രത്യേക ബിരുദ കോഴ്സ് ആയിരിക്കണം. അതായത് ടാലന്റ് ലെവൽ ഡിഗ്രി. മലയാളഭാഷയിൽ ഏറ്റവും ഗുണനിലവാരമുള്ള ഭാഷാപ്രതിഭകളെ വാർത്തെടുക്കുന്ന ഈ പഞ്ചവത്സര കോഴ്സ് എം.എഡിനും ,  ജേർണ്ണലിസത്തിനുകൂടി  തുല്യമാകണം.

വിദ്യാഭ്യാസമോ പ്രായഭേദമോ കണക്കിലെടുക്കാതെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്ക് അവർ മലയാള സർവ്വകലാശാലയിൽ വിദ്യാഭ്യാസം നേടിയിട്ടുള്ളവരല്ലെങ്കിലും  (യാതൊരുവിധ അംഗീകൃത വിദ്യാഭ്യാസവും  ലഭിച്ചിട്ടില്ലാത്തവരായാൽകൂടി)  ബിരുദ ദാനവും ഡോക്ടറേറ്റും മറ്റും നൽകുന്ന രീതി  മലയാള സർവ്വകലാശാല നടപ്പിലാക്കണം. അത് തൊഴിൽ ലഭിക്കാനല്ല. അവർക്കുള്ള ബഹുമതികൾ എന്ന നിലയ്ക്കാണ്. ഇങ്ങനെ ബിരുദം നേടുന്നവരെയും  ഡോക്ടറേറ്റ് നേടുന്നവരെയും കേരളത്തിലെ ഏതൊരു സർവ്വകലാശാലയിലെയും സെനറ്റിലും സിൻഡിക്കേറ്റിലും മറ്റും അംഗമായിരിക്കുന്നതിനു യോഗ്യരാക്കണം. റെഗുലർ കോഴ്സുകൾക്ക് പുറമെ  ഡിസ്റ്റൻസ് കോഴ്സുകളും ഉണ്ടാകണം. കൂടാതെ ഓണ്‍ലൈന്‍ കോഴ്സുകളും ഓണ്‍ലൈന്‍ പരീക്ഷകളും ഓണ്‍ലൈനായി തന്നെ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സുകളും ഉണ്ടാകണം. കേരളത്തിലുള്ളവർക്കു മാത്രമല്ല ലോകത്തിന്റെ ഏതു കോണിനുള്ളവർക്കും ഈ ഓണ്‍ലൈന്‍ പഠന സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. വീഡിയോ ക്ലാസ്സുകൾ പഠിതാക്കൾക്ക് ഓണ്‍ലൈനായും സി.ഡി കളായും മറ്റും  നൽകാൻ കഴിയും. സർട്ടിഫിക്കറ്റുകൾക്കു വേണ്ടി പോലും സർവ്വകലാശാലാ ആസ്ഥാനത്ത് എത്തേണ്ടിവരാത്ത വിധം സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി ലോകത്തെ പല പ്രമുഖ സർവ്വ കലാശാലകളിലും ഉണ്ട്. നമ്മുടെ രാജ്യത്ത് അത് അത്രമാത്രം വ്യാപകമായിട്ടില്ല. ഓണ്‍ലൈന്‍ സൗകര്യങ്ങളെ വിദ്യാഭ്യാസത്തിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും മറ്റും ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഇനിയും മുന്നേറേണ്ടതുണ്ട്. പഠനം എന്നാൽ ഏതെങ്കിലും  ഒരു സ്റ്റഡി സെന്ററിൽ ക്ലാസ്സ് റൂമിലിരുന്ന് നേരിട്ട് ഗുരുമുഖം നോക്കി മാത്രം പഠിക്കേണ്ടതാണെന്ന ധാരണ ആധുനിക കാലത്തിനു യോജിച്ചതല്ല. ഇന്നു വീട്ടിലിരുന്ന് കമ്പ്യൂട്ടർ സ്ക്രീനിനെയും റ്റി.വി സ്ക്രീനിനെയും ക്ലാസ്സ് മുറികളാക്കാവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒരു പ്രയാസവുമില്ല. ആ ഒരു നിലവാരത്തിലേയ്ക്ക് നമ്മുടെ മലയാള സർവ്വകലാശാല ഉയരണം.

മലയാള സർവ്വകലാശാലയ്ക്ക്  കേരളത്തിൽ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളും  സ്റ്റഡി സെന്ററുകളും എന്‍ക്വയറി കൗണ്ടറുകളും ഉണ്ടാകണം. താമസം വിനാ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കണം. ലോകത്തെവിടെയുമിരുന്ന് മലയാളം പഠിക്കാനും ഗവേഷണം നടത്താനും ഉള്ള അവസരം ഉണ്ടാകണം. മലയാളികൾക്ക് വേണ്ടി മാത്രമുള്ളതാകരുത് മലയാള സർവ്വകലാശാല. നമ്മുടെ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റേതൊരു ഭാഷക്കാർക്കും ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയുള്ളവർക്കും നമ്മുടെ ഭാഷ പഠിക്കാൻ അവസരമുണ്ടാകണം. ഭാഷാകുതുകികൾ എന്ന നിലയിൽ മാത്രം പഠനം ആഗ്രഹിക്കുന്നവർക്കുള്ള വിവിധ ഡ്യൂറേഷനിൽ ഉള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ  നിശ്ചയമായും മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഇവിടെ വിവിധ മതപാഠശാലകളിൽ പഠിച്ചിറങ്ങുന്നവർ  അഗാധമായ പാണ്ഡിത്യമുള്ളവരും നല്ല വാഗ്മികളും ആയി  മാറുന്നുണ്ട്. സ്കൂൾ പഠനം പാതി വഴിക്കുപേക്ഷിച്ച് ആത്മീയ പഠനത്തിനു പോകുന്നവരും ഇതിൽ ഉൾപ്പെടും. മലയളഭാഷ അവർ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാകുന്നു. അവരുടെ മതപ്രഭാഷണങ്ങളിലും മറ്റും  മലയാളഭാഷ  അനർഗളനിരർഗളമായി ഒഴുകുന്നുണ്ട്. നമുടെ മധുരമാം മലയാളഭാഷ കളകളാരവം പൊഴിച്ച് ഒരു നദിപോലെ ഒഴുകുന്നത് കേൾക്കണമെങ്കിൽ പള്ളീലച്ഛൻമാരുടെയും മൗലവിമാരുടെയും സ്വാമിമാരുടെയും പ്രഭാഷണങ്ങൾ കേൾക്കണം. എന്നാൽ നമ്മുടെ കലശാലകളിൽ നിന്ന് മലയാളം എം.എയും ബി.എഡും എം.എഡുമൊക്കെ എടുത്തിറങ്ങുന്നവരിൽ ബഹുഭുരിപക്ഷത്തിന് നാലാൾ  കൂടുന്നിടത്തു നിന്ന് അറപ്പില്ലാതെ നല്ല മലയാളത്തിൽ നാല് വർത്തമാനം പറയാൻ കൂടി കഴിയില്ല. ഈ ഒരു കുറവ് പുതിയ മലായാള സർവ്വകലാശാല പരിഹരിക്കണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെ  നല്ല രീതിയിൽ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പ്രസംഗിക്കുവാനും അവരെ പ്രാപ്തരാക്കുവാൻ കഴിയുന്നവിധത്തിലുള്ള  ഹ്രസ്വകാല കോഴ്സുകൾ മലയാള സർവ്വകലാശാലയ്ക്ക് നടത്താവുന്നതാണ്. ഏത് പ്രായത്തിലും മലയാള സർവ്വകലാശാലയിൽ നിന്നും അനൗപചാരിക കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് ലോകത്തെ ഏത് വിഷയത്തെക്കുറിച്ചും അനല്പമായെങ്കിലും സംസാരിക്കുവാനുള്ള കരുത്ത് ഉണ്ടാകണം. ഭാഷയെ  അവർക്ക് കാര്യങ്ങൾ  അറിയാനും അറിഞ്ഞവ മറ്റുള്ളവരെ  അറിയിക്കാനും ഉള്ള ഒരുപാധിയെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഭാഷ ഒരു മാധ്യമമാണ്. ആ നിലയിൽ ഭാഷയെ ഉപയോഗപ്പെടുത്താൻ വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കഴിയണം. അതിനു സഹായകരമായ പഠന സൗകര്യങ്ങൾ മലയാള സർവ്വകലാശാലയിൽ ഏർപ്പെടുത്തണം. അതുപോലെ അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്നവർക്ക്  അദ്ധ്യാപനമാധ്യമം എന്ന നിലയിൽ മലയാള ഭാഷയിൽ ആവശ്യമായ പരിശീലനം നൽകുവാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. ചുരുക്കത്തിൽ ഇവ്വിധം ബഹുമുഖമായ ഒരുപാട് ചുമതലകൾ മലയാള സർവ്വകലാശാലയ്ക്ക് ഏറ്റെടുക്കാവുന്നതാണ്.

മലയാളഭാഷയുടെയും  സാഹിത്യത്തിന്റെയും  ആസ്ഥാനമായി മലയാളസർവ്വകലാശാല മാറണം. ഭാഷയ്ക്കു മുതൽക്കൂട്ടാക്കാവുന്ന  പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മലയാളസർവ്വകലാശാല ചെയ്യണം. പുതിയ പുതിയ വാക്കുകളും മറ്റു ഭാഷകളിൽ നിന്നും അത്യാവശ്യം കടം കൊള്ളേണ്ട വാക്കുകളും ഉൾപ്പെടുത്തി മലയാള ഭാഷയുടെ പദ സമ്പത്ത് വിപുലീകരിക്കുവാനുമുള്ള പ്രവർത്തനങ്ങൾ മലയാള സർവ്വകലാശാല ഏറ്റെടുക്കണം. ലോകത്തെവിടെയും ഏത് ഭാഷ സംസാരിക്കുന്നവർക്കും താല്പര്യമെങ്കിൽ മലയാളം പഠിപ്പിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ലോകമാകെ നമ്മുടെ ഭാഷയ്ക്ക് പ്രചാരമുണ്ടാക്കണം. മലയാള സർവ്വകലാശാല മലയാള ഭാഷയ്ക്കു വേണ്ടിയുള്ളതാണെങ്കിലും അവിടെ റെഗുലർ കോഴ്സിനു ചേരുന്നവർക്ക്  പ്രധാനപ്പെട്ട മറുഭാഷകൾ ഇംഗ്ലീഷ് ഉൾപ്പെടെ രണ്ടാം വിഷയമായി പഠിക്കാൻ അവസരമുണ്ടാകണം. മറ്റ് ഭാഷകളിൽ നിന്ന് പലതും നമ്മുടെ ഭാഷയിലേയ്ക്കും നമ്മുടെ ഭാഷയിൽ നിന്ന് പലതും മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റുന്നതിന് വൈദഗ്ദ്ധ്യമുള്ള ഒരു തലമുറയെക്കൂടി മലയാള സർവ്വകലാശാല വഴി വാർത്തെടുക്കാൻ കഴിയണം. മലയാളത്തിൽ അച്ചടിക്കപ്പെടുന്നതും ഇന്നുവരെ അച്ചടിക്കപ്പെട്ടിട്ടുള്ളതുമായ പരമാവധി പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു ഗ്രന്ഥപ്പുര മലയാള സർവ്വകലാശാലയ്ക്കുണ്ടാകണം. അതായത് ലോകോത്തര നിലവാരമുള്ള ഒരു ഗ്രന്ഥശാല. മലയാളത്തിന്റെ തനതു കലകൾ അഭ്യസിക്കുവാനുള്ള സൗകര്യങ്ങളും മലയാള സർവ്വകലാശാലയിൽ ഏർപ്പെടുത്തണം. കാലാകാലങ്ങളിൽ ലിഖിത ഭാഷയിലും സംസാര ഭാഷയിലും ഉണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തുവാനും കാലാനുസൃതമായ ഭാഷാ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാനും മലയാള സർവ്വകലാശാലയ്ക്ക് കഴിയണം. മലയാള ഭാഷയെ സംബന്ധിച്ച് ഒരു ആധികാരിക സ്ഥാപനമാകണം മലയാള സർവ്വകലാശാല. കുറെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള ഒരു ഏജൻസി മാത്രമായി ഒതുങ്ങാനാണെങ്കിൽ എത്രയെങ്കിലും സർവ്വകലാശാലകൾ ഇവിടെ വേറെയുണ്ട്. മലയാള സർവ്വകലാശാല അങ്ങനെ ആയാൽ പോര.  ഇത് ഒരു വിവിധോദ്ദേശ സർവ്വകലാശാലയാകണം. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം മലയാളഭാഷയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാകണം. അതിനുതകുന്ന വിവിധ കർമ്മ പദ്ധതികൾ മലയാള സർവ്വകലാശാലകൾ ഏറ്റെടുക്കണം. എന്നു ചുരുക്കം. ഇവിടെ ഈ ലേഖകൻ എഴുതി വച്ചതൊക്കെ അതിരുകളില്ലാത്ത സ്വപ്നങ്ങളാകാം. എന്നാൽ വലിയ വലിയ ലക്ഷ്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചാലാണ് അവയുടെ  ഏഴയലത്തെങ്കിലും എത്താനാകുക എന്നോർക്കുക. അതുകൊണ്ട് വലിയ വലിയ ലക്ഷ്യങ്ങളെ മുൻനിർത്തി തന്നെയാകട്ടെ മലയാളസർവ്വകലാശാലയുടെ പ്രയാണം.

പി.ജിയും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രവും

പി.ജിയും മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രവും
മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ ഉള്ള രാജ്യങ്ങളിലെല്ലാം പ്രസ്ഥാനത്തോടൊപ്പംതന്നെ വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് മാർക്സിസ്റ്റ് വൈജ്ഞാനിക ശാഖ. ഇത് രണ്ടും പരസ്പരപൂരകമാണ്. ചിലർ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന്   നേരിട്ട് വിപ്ലവപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നു. ചിലർ പ്രസ്ഥാനത്തിനകത്തുനിന്നോ പുറത്തുനിന്നോ ധൈഷണികമായി പ്രസ്ഥാനത്തെ സഹായിക്കുന്നു. കുറച്ചുപേർ ഒരേസമയം നേരിട്ട് വിപ്ലവപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പംതന്നെ ധൈഷണികപ്രവർത്തനങ്ങളിലും വ്യാപൃതരാകുന്നു. ഉദാഹരണത്തിന് റഷ്യയിൽ   ലെനിൻ വിപ്ലവപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഒപ്പം തന്നെ മാർക്സിസത്തിന് വിലപ്പെട്ട  സൈദ്ധാന്തികസംഭാവനകൾ  നൽകുകയും ചെയ്തു. തൽഫലമായി മാർക്സിസത്തോട് കൂട്ടിവായിക്കുവാൻ അതിന് ലെനിനിസം എന്നൊരനുബന്ധവുമുണ്ടായി. ഇവിടെ ഇ.എം.എസും നേരിട്ടുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിലും ധൈഷണികപ്രവർത്തനങ്ങളിലും  ഒരുപോലെ  വ്യാപൃതനായിരുന്നു. ഇത്തരം നേതാക്കൾ  മാർക്സിസ്റ്റ് വിജ്ഞാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയവരാണ്. അതുപോലെതന്നെയായിരുന്നു പി.ജിയും. അദ്ദേഹം ജീവിത്തിൽ നല്ലൊരു കാലം വിപ്ലവപ്രവർത്തനങ്ങളിലും വൈജ്ഞാനിക പ്രവർത്തങ്ങളിലും ഒരു പോലെ വ്യാപൃതനായിരുന്നു. എന്നാൽ അവസാന കാലത്ത്  അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് കുറച്ച് ഒഴിഞ്ഞുനിന്നുകൊണ്ട് വൈജ്ഞാനികപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
മാർക്സിസ്റ്റ് വൈജ്ഞാനിക ശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാൽ കേരളത്തിൽ ഇ.എം.എസിനു തൊട്ടടുത്ത സ്ഥാനമാണ് പി.ജിയ്ക്ക് നൽകാവുന്നത്. ഇ.എം.എസ് തന്റെ ഏതൊരു വൈജ്ഞാനിക പ്രവർത്തനത്തെയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രവുമായി കൂട്ടിച്ചേർക്കുവാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ പി.ജി  മാർക്സിസത്തിന് സൈദ്ധാന്തിക പിൻബലം നൽകിക്കൊണ്ടിരുന്നെങ്കിലും എല്ലായ്പോഴും എല്ലാ കാര്യങ്ങളെയും പ്രത്യയശാസ്ത്രവുമായി ഇണക്കിച്ചേർക്കുവാൻ ശ്രമിച്ചിരുന്നില്ല. ഇസങ്ങൾക്കപ്പുറത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചവർക്ക് ഇസങ്ങൾക്കിപ്പുറത്തുവച്ചുതന്നെ മറുപടിനൽകിയിരുന്നെങ്കിലും പി.ജി യും ഇസങ്ങൾക്കപ്പുറത്തേയ്ക്ക്  നോക്കാൻ വൈമുഖ്യം കാണിച്ചിരുന്നില്ല. ഇസത്തെ കൂട്ടികെട്ടാതെയും പി.ജി പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇടതടവില്ലാത്ത വായനാനുഭവം വച്ചുനോക്കുമ്പോൾ ഇത് സ്വാഭാവികമാണ്. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് പാർട്ടി നടപടികളെയും ശാസനകളെയും നേരിടേണ്ടിവന്നിട്ടുള്ളത്. എന്നാൽ മറ്റ് പലരെയുംപോലെ ഏതെങ്കിലും അഭിപ്രായവ്യത്യാസങ്ങളുടെയോ സംഘടനാ നടപടികളുടെയോ പേരിൽ സ്വന്തം പ്രസ്ഥാനത്തെ അപ്പാടെ തള്ളിക്കളയുവാനോ വലയം വിട്ട് പുറത്തുചാടി രാഷ്ട്രീയമായോ ബൌദ്ധികമായോ പ്രസ്ഥാനത്തെ വെല്ലുവിളിക്കാനോ  ഒരിക്കലും അദ്ദേഹം  മുതിർന്നിട്ടില്ല. ഇക്കാര്യത്തിലും  ഇ.എം.എസിനു തുല്യനായിരുന്നു പി.ജിയും. പാർട്ടിയുടെ സൈദ്ധാന്തികവും നയപരവുമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സഹായിച്ചിരുന്ന ഇ.എം.എസ് തന്റേതല്ലാത്ത നിലപാടുകൾ പാർട്ടി സ്വീകരിച്ചപ്പോഴൊക്കെയും പാർട്ടിയുടെ  നിലപാടുകൾക്കൊപ്പം നിന്ന് തീരുമാനങ്ങൾ നടപ്പിലാക്കിയ ആളാണ്. സ. പി.ജിയെ സംബന്ധിച്ചും  ചിലപ്പോഴെല്ല്ലാം പാർട്ടി നിലപാടുകളും തന്റെ നിലപാടുകളും തമ്മിൽ പൊരുത്തപ്പെടാത്തത് അസ്വാഭാവികമായി തോന്നുകയോ പാർട്ടിയ്ക്കെതിരെ തിരിയാനുള്ള പ്രേരണ അദ്ദേഹത്തിൽ  ഉണ്ടാക്കുകയോ ചെയ്തില്ല.  പി.ജി പ്രസ്ഥാനത്തിനു പുറത്ത്  വന്നുകാണുവാൻ വ്യാമോഹിച്ചവർക്ക് എന്നും നിരാശയായിരുന്നു ഫലം. ഉത്തമനായ ഒരു മാർക്സിസ്റ്റ് ആചാര്യനും നേതാവും പ്രവർത്തകനുമായി ജീവിതകാലം മുഴുവൻ ജിവിച്ച് ചെങ്കൊടി പുതച്ചു മരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചത് അദ്ദേഹത്തിന്റെ അചഞ്ചലമായ കമ്മ്യൂണിസ്റ്റുബോധം കൊണ്ടാണ്. പ്രായോഗിക രാഷ്ടീയത്തിലെ ചില പ്രവണതകളോട് അദ്ദേഹം രഹസ്യമായോ പരസ്യമായോ പ്രകടിപ്പിച്ചിരുന്ന ചില  അസംതൃപ്തികൾ ഏറ്റുപിടിച്ച് അതിനെ പാർട്ടിയ്ക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചവരുണ്ട്. പക്ഷെ പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കാൻ പി.ജിയെ ഒപ്പം കൂട്ടാൻ അത്തരമാളുകൾക്ക് കഴിഞ്ഞില്ല.
പി.ജിയുടെ അഭിപ്രായങ്ങളിൽ ചിലത് ചിലപ്പോഴെല്ലാം പാർട്ടി നിലപാടുകളുമായി പൊരുത്തപ്പെടാത്തതായി പോയിട്ടുണ്ട്. അങ്ങനെ പാർട്ടി നിലപാടുകളിൽ നിന്ന് നേരിയ വ്യതിയാനങ്ങൾ ഉണ്ടായപ്പോഴെല്ലാം പാർട്ടിനടപടികൾക്ക് വിധേയമാകുകയും എന്നാൽ അതിലൊന്നും  ഒട്ടും വൈക്ലബ്യമില്ലാതെ പാർട്ടിയുടേ ഭാഗമായി തന്നെ നിൽക്കുവാൻ അദ്ദേഹം തയ്യാറാവുകയും ചെയ്തുപോന്നു. തെറ്റുപറ്റലും തിരുത്തലും ഒരിക്കലും മാർക്സിസത്തിന് അന്യമല്ല എന്ന അറിവ് പി.ജിയ്ക്ക് ഉണ്ടാകാതിരിക്കില്ലല്ലോ. പാർട്ടി നടപടികളുടെ പേരിലോ മറ്റോ  അതിരുകവിഞ്ഞ പാർട്ടിവിരുദ്ധതയിലേയ്ക്കോ  മാർക്സിസ്റ്റ് വിരുദ്ധതയിലേയ്ക്കോ പി.ജി ഒരിക്കലും ചെന്നെത്തിയിരുന്നില്ല.  എന്നാൽ ഇതൊക്കെയാണെങ്കിലും  പാർട്ടി പ്രതിരോധത്തെ നേരിട്ട ചില സന്ദർഭങ്ങളിലെങ്കിലും  പി.ജി പാർട്ടിയ്ക്ക് ധൈഷണികമായ പിൻബലം നൽകുകയോ പരസ്യമായി രംഗത്തുവരികയോ ചെയ്തില്ലെന്ന  പരാതി പാർട്ടിയുടെ ഉത്തരവാദപ്പെട്ട ചില നേതാക്കൾതന്നെ ചില സന്ദർഭങ്ങളിൽ പറഞ്ഞുപോയിട്ടുണ്ട്. ചിലരുടെ വാക്കുകൾക്കെന്ന പോലെ മൌനത്തിനും ചില അർത്ഥങ്ങളും അതിനു ചില പ്രത്യാഘാതങ്ങളുമുണ്ടാകും. കാരണം മൗനം ചിലപ്പോൾ ശക്തിയും ചിലപ്പോൾ ബലഹീനതയുമാകാം.  ചിലരുടെ ചിലപ്പോഴത്തെ മൗനം പോലും മറ്റുചിലർക്ക് വേദനയായേക്കാം. പി.ജിയുടെ ചില മൌനങ്ങൾ അഥവാ ഇടപെടലുകളുടെ അഭാവം  പാർട്ടിയെ ചിലപ്പോഴെല്ലാം  കുറച്ചൊക്കെ   നൊമ്പരപ്പെടുത്തിയിട്ടുണ്ട്. സൈദ്ധാന്തികമായും വൈജ്ഞാനികമായും പാർട്ടിയ്ക്ക്  അദ്ദേഹം നൽകിയിട്ടുള്ള മറ്റെത്രയോ വിലപ്പെട്ട സംഭാവനകൾ വച്ചുനോക്കുമ്പോൾ അത്തരം ചില നൊമ്പരപ്പെടുത്തലുകളോട് പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും പി.ജിയെപ്പോലെ ഒരു വലിയ  മാർക്സിസ്റ്റ് പ്രതിഭാധനനിൽനിന്ന് പാർട്ടി പ്രതീക്ഷിക്കുന്നതിൽ ചിലതെങ്കിലും  കിട്ടാതെ പോയിട്ടുണ്ടെങ്കിൽ അത് പാർട്ടിയ്ക്ക് നഷ്ടബോധമുണ്ടാക്കുന്നത് സ്വാഭാവികമാണ്. ആനിലയിൽ പി.ജിയ്ക്കെതിരെ പാർട്ടിയുടെ ഉത്തരവാദപ്പെട്ട  നേതാക്കൾതന്നെ പ്രകടിപ്പിച്ചിട്ടുള്ള ചില വിമർശനങ്ങളിൽ അപാകതയുണ്ടെന്നു പറയാനാകില്ല.
ഒരാളിൽ നിന്ന് മറ്റൊരാളോ പ്രസ്ഥാനമോ പ്രതീക്ഷിക്കുന്നത് ലഭിക്കാതെ വരുമ്പോഴാണ് നിരാശയുണ്ടാകുന്നത്. ഒന്നും പ്രതിക്ഷിക്കാത്തവർക്ക്  നിരാശയുണ്ടാകില്ല. പി.ജിയെ പോലെ ഒരാളിൽനിന്ന് സി.പി.ഐ.എമ്മിന് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടാകും.  അതെല്ലാം വേണ്ടവിധം  കിട്ടാതെവരുമ്പോൾ പരിഭവമുണ്ടാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ മാധ്യമപുംഗവന്മാർ ആഘോഷമാക്കിയ ലാവ്ലിൻ കേസ്, പിന്നീടുവന്ന ടി.പി.ചന്ദ്രശേഖരൻ വധക്കേസ് മുതലായവ സംബന്ധിച്ച വിവാദങ്ങളിലൊന്നും  പാർട്ടിയ്ക്കുവേണ്ടി ഒരു പ്രതിരോധസ്വരം ഉരുവിടാൻ എന്തുകൊണ്ടോ പി.ജി മുന്നോട്ടുവന്നില്ല എന്നത് പാർട്ടിയ്ക്ക് പറയാവുന്ന ന്യായമായ  പരാതികളിൽ  ചിലതാണ്.
ഒരു ബുദ്ധിജീവി എന്ന നിലയ്ക്ക് പി.ജിയ്ക്ക് മറ്റുള്ളവരിൽ നിന്ന് പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു.  അറിവിന്റെ ഭാരം തലക്കനമായി ഒരിക്കലും അദേഹത്തിൽ പ്രകടമായിട്ടില്ല. ബുദ്ധിജീവിജാഡകൾ അദ്ദേഹത്തിൽ ലവലേശം ഉണ്ടായിരുന്നില്ല. താൻ ബുദ്ധിജീവിയല്ല, ഒരു സാധാരണ രാഷ്ട്രീയപ്രവർത്തകനാണെന്ന് അദ്ദേഹംതന്നെ പറയുമായിരുന്നു. മാർക്സിസം അരച്ചുകലക്കികുടിച്ച ഒരു പണ്ഡിതനായിട്ടും  ഇടതുപക്ഷബുദ്ധിജീവികളുടെ ഒരു ഇട്ടാവെട്ടം ഉണ്ടാക്കി അതിനുള്ളിൽ ഒതുങ്ങിക്കൂടുകയല്ല പി.ജി ചെയ്തത്. പി.ജിയുടെ സൌഹൃദങ്ങൾ വളരെ വിശാലമായിരുന്നു. അദ്ദേഹത്തിന്റെ വായന ഒരിക്കലും മാർക്സിസത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നതയിരുന്നില്ല. വായന ഒരു ലഹരിയായി കൊണ്ടു നടന്നിരുന്ന അ മനുഷ്യൻ താൻ വായിച്ചു നേടിയ അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന കാര്യത്തിൽ വലിയ ഉത്സാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പലപ്പോഴും പ്രഭാഷണത്തിനു പോകുമ്പോൾ   അതിനടുത്ത സമയങ്ങളിൽ വായിച്ചതോ വായിച്ചുകൊണ്ടിരിക്കുന്നതോ ആയ പുസ്തകങ്ങളിൽ ചിലത്   കൊണ്ടുവന്ന് അവ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.  വലിയ വലിപ്പവും ഭാരവുമുള്ള പുസ്തകങ്ങൾ കൈയ്യിലോ സഞ്ചിയിലോ പേറി പ്രഭാഷണവേദികളിൽ  വരുന്നതിലെ ബുദ്ധിമുട്ടൊന്നും പി.ജിയെ അലട്ടിയിരുന്നില്ല. സ്വയം അറിവുനേടലും ആ അറിവുകൾ നേരിട്ടും  തന്റെയുള്ളിൽ വച്ച് സംസ്കരിച്ചും വ്യാഖ്യാനിച്ചും  വിശകലനം ചെയ്തും  മറ്റുള്ളവരിലേയ്ക്ക് സംക്രമിപ്പിക്കുന്നത്    പി.ജിയ്ക്ക് എന്നും ഒരു അവേശംതന്നെയായിരുന്നിട്ടുണ്ട്. വായനയും എഴുത്തും  പ്രഭാഷണങ്ങളും ഒരു ജീവിനോപാധി എന്നതിലപ്പുറം  തന്നിൽ അർപ്പിതമായ ഒരു കർത്തവ്യമായിത്തന്നെ അദ്ദേഹം കരുതിയിരുന്നിരിക്കണം. 
രാഷ്ട്രീയം, കല, സാഹിത്യം, ഭാഷ, സംസ്കാരം,  പത്രപ്രവർത്തനം, സിനിമ  തുടങ്ങി സമസ്തമേഖലകളിലും  വ്യാപിച്ചിരുന്ന പി.ജിയുടെ വിശാലമായ കർമ്മ മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം  മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.  അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാർക്സിയൻ  സൌന്ദര്യ ശാസ്ത്രം സംബന്ധിച്ചുള്ളത്. അങ്ങനെയും ഒരു സൌന്ദര്യ ശാസ്ത്രസങ്കല്പം ലോകത്തുണ്ടെന്ന് മലയാളികൾക്ക് പറഞ്ഞുതന്നത്  അദ്ദേഹമാണ്. ഈ വിഷയത്തിൽ  അദ്ദേഹം ഒരു പുസ്തകമിറക്കുമ്പോൾ അത് ചുടപ്പംപോലെ വിറ്റുപോയിരുന്നു. സാധാരണ ചില കൃതികൾ അവാർഡ് കിട്ടുമ്പോഴാണ് അതിന്റെ വില്പനയിൽ എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകാറുള്ളത്. എന്നാൽ “മാർക്സിസ്റ്റ് സൌന്ദര്യ ശാസ്ത്രം ഉദ്ഭവവും വളർച്ചയും” എന്ന പി.ജിയുടെ ഗ്രന്ഥത്തിനു സാഹിത്യ അക്കാഡമി അവാർഡ് ലഭിക്കുമ്പോൾ പുസ്തകപ്രേമികൾക്ക് ഗ്രന്ഥത്തിന്റെ കോപ്പികൾ ലഭിക്കാത്ത വിധം മുമ്പേ അവ വിറ്റുപയിക്കഴിഞ്ഞിരുന്നു. അത്ര വലിപ്പമുള്ള ഗ്രന്ഥമല്ലെങ്കുലും അത്  വായനാകുതുകികൾക്കും എഴുത്തുകാർക്കും  വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇടതുപക്ഷത്തോട് ചെറുചായ്‌വെങ്കിലുമുള്ള എഴുത്തുകാർക്കും വായനക്കാർക്കും. തീർച്ചയായും മാർക്സിയൻ ചിന്തയ്ക്കും സാഹിത്യലോകത്തിനും ഒരുപോലെ പി.ജി നൽകിയ മികച്ച സംഭാവനകളിൽ  ഒന്നാണ് ആ ഗ്രന്ഥം.
കലയുടെ സിദ്ധാന്തമാണ് സൗന്ദര്യശാസ്ത്രം എന്നു പറയുന്നത്. കലാസൃഷ്ടിയെയും ആസ്വാദനത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളാണ് സൗന്ദര്യശാസ്ത്രത്തിന്റെ വിഷയം. ദാർശനികചിന്തയുടെ ഉത്ഭവം മുതൽക്കേ അതിന്റെ ഭാഗമായി സൗന്ദര്യശാസ്ത്രം ഉടലെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിൽ വിചാര വിപ്ലവത്തിനും വിപ്ലവ വിചാരത്തിനും അടിത്തറ പാകിയ കാറൾ മാർക്സിന്റെയും ഫ്രെഡറിക്ക് എംഗൾസിന്റെയും മഹനീയ സംഭാവനകൾ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സൗന്ദര്യശാസ്ത്രത്തിലും വിപ്ലവത്തിനു വിത്തുപാകി. എന്നാൽ മാർക്സോ എംഗൾസോ സൗന്ദര്യശാസ്ത്രം സംബന്ധിച്ച പൂർണ്ണഗ്രന്ഥങ്ങളോ പ്രബന്ധങ്ങളോ ഒന്നും രചിച്ചിട്ടില്ല. പ്രാചീനവും അർവാചീനവുമായ വിവിധ ഭാഷകളിൽ അവഗാഹം നേടിയിരുന്ന അവർക്ക് വിശ്വസാഹിത്യപ്രപഞ്ചം അറിവിന്റെയും ആനന്ദത്തിന്റെയും ഉറവിടമായിരുന്നു. സമകാലിക സാഹിത്യകൃതികളും അവർ അവഗണിച്ചിരുന്നില്ല. മാർക്സും എംഗൾസും നടത്തിയിട്ടുള്ള വിവിധങ്ങളായ എഴുത്തുകുത്തുകളിലും  മൂലധനം ഉൾപ്പെടെയുള്ള ബൃഹത് ഗ്രന്ഥങ്ങളിലുമെല്ലാം കലാ സാഹിത്യസംബന്ധിയായ അനേകം പരാമർശങ്ങൾ അവർ നടത്തിയിട്ടുണ്ട്. ചുരുക്കത്തിൽ സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച കാഴ്ചപ്പാടുകൾ മാർക്സിന്റെയും എംഗൾസിന്റെയും വിവിധങ്ങളായ രചനകളിൽ ശിഥിലമായി കിടക്കുകയാണ്.  പിന്നീട് വന്ന മാർക്സിസ്റ്റ് ചിന്തകർ അവയെ പെറുക്കിക്കൂട്ടി മർക്സിയൻ സൗന്ദര്യ ശാസ്ത്രത്തിന് ഒരു നിയാമക രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത് ഇപ്പോഴും തുടരുകയുമാണ്. കലാ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും സംബന്ധിച്ച് പ്രഥമ ശാസ്ത്രീയ സോഷ്യലിസ്റ്റ് ആചാര്യൻമാരുടെ അഭിപ്രയാങ്ങൾ ശിഥിലചിന്തകളുടെ രൂപത്തിലാണ് കിട്ടിയിട്ടുള്ളതെങ്കിലും അവ നൽകുന്ന ഉൾക്കാഴ്ചയും രൂപരേഖയും പിൽക്കാല സൗന്ദര്യശാസ്ത്ര ചിന്തകർക്ക് രത്നഖനിയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് പി.ജി തന്റെ ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാർക്സിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കെന്നപോലെ മാർക്സിസ്റ്റ് വൈജ്ഞാനിക ശാഖകൾക്ക് ഇതിനോടകം  കൈവന്ന സാർവത്രികമായ സ്വാധീന ശക്തിയും അംഗീകാരവും അഭൂതപൂർവ്വവും അദ്ഭുതാവഹവുമാണ്. അതുകൊണ്ടുതന്നെ ലോകത്തെവിടെയുമുള്ള മാർക്സിസ്റ്റ് വിരുദ്ധർ  അവരുടെ  എതിർപ്പിന്റെ അടവുകൾ ഓരോ കാലത്തും മാറിമാറിയാണ് പരീക്ഷിച്ചുപോരുന്നത്. എല്ലാ കാലത്തും ഒരേതരം എതിർപ്പുകൾക്ക് നില‌നില്പില്ലാത്തതാണ് കാരണം. അതിജിവനത്തിന്റെ പ്രത്യയശാസ്ത്രമായ മാർക്സിസം  അതിനോടുള്ള എതിർപ്പുകളെ അതിജീവിക്കാനുള്ള കരുത്തുകൂടി ഉൾചേർന്നിട്ടുള്ളതാണ്. അതുകൊണ്ടാണ് അത് കാല-ദേശാതിവർത്തിയായി തീരുന്നത്.
മാർക്സിയൻ സൗന്ദര്യശാസ്ത്രസംബന്ധിയായി മാർക്സും എംഗൾസും പ്രത്യേക രചനയൊന്നും നിർവ്വഹിച്ചിട്ടില്ലെന്നതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ച് പിന്നീട് എഴുതിയവർക്കിടയിൽ പരസ്പരവിരുദ്ധമായ ആശയ ഗതികൾ ഉണ്ടാകുന്നതിൽ അസ്വാഭാവികതയില്ല. അത്തരം സംവാദങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.  മാർക്സും എംഗൾസും അത്യന്തം വിശദമായി കൈകാര്യം ചെതിട്ടുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുപോലും ധാരാളം വിവാദങ്ങൾ നിലനിൽക്കെ, സൗന്ദര്യശാസ്ത്രചിന്തയെക്കുറിച്ച് സകല മാർക്സിസ്റ്റുകളും ഒരുപോലെ ചിന്തിക്കും എന്നു പ്രതീക്ഷിക്കുവാനകില്ലല്ലോ. എങ്കിലും ഇന്ന് ലോക്കത്ത് മാർക്സിയൻ സൗന്ദര്യശാസ്ത്രം എന്നൊന്നുണ്ട്. അതിന് അതിന്റേതായ സമീപനങ്ങളും നിയമങ്ങളുമുണ്ട്. അവയുടെ ആകെത്തുകയെ നമുക്ക് മാർക്സിയൻ സൗന്ദര്യശാസ്ത്രം എന്നു പറയാം. മാർക്സിയൻ സൗന്ദര്യശാസ്ത്രദർശനത്തിന് സംഭവാന നൽകിയവരിൽ   വിവിധ രാജ്യങ്ങളിൽ ഉള്ള ഒട്ടേറെ ചിന്തകരും എഴുത്തുകാരുമുണ്ട്  അവരിൽ  റഷ്യൻ മാർക്സിസത്തിന്റെ പിതാവായി പ്രകീർത്തിക്കപ്പെടുന്ന  പ്ലഹ്‌നേവ് മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിനും  ഗണ്യമായ സംഭാവന നൽകിയവരിൽ ഒരാളാണ്. കല എന്നാൽ എന്താണ് എന്നതിനെ സംബന്ധിച്ചും അതിന്റെ ഉറവിടമെവിടെ എന്നതിനെ സംബന്ധിച്ചും അദ്ദേഹം ചില വാദഗതികൾ മുന്നോട്ടു വച്ചിരുന്നു. കല എന്നാൽ എന്നതിനെ സംബന്ധിച്ച് ലിയോ ടോൾസ്റ്റോയിയുടെ ചല്ല കാഴ്ചപാടുകളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പ്ലഹ്‌നേവ് സൗന്ദര്യ ശാസ്ത്രം സംബന്ധിച്ച് തന്റെ വാദമുഖങ്ങൾ അവതരിപ്പിച്ചത്. സാധാരണ വാക്കുകൾ വിചാരങ്ങൾ വിനിമയം ചെയ്യുമ്പോൾ കല വികാരങ്ങൾ സംവേദനം ചെയ്യുന്നുവെന്നാണ് ടോൾസ്റ്റോയി വാദിച്ചത്. എന്നാൽ ഇതിനെ നിരാകരിച്ചുകൊണ്ട് കലയിൽ വിചാരത്തെയും വികാരത്തെയും വേർതിരിക്കുന്നത് യാന്ത്രികവും അയഥാർത്ഥവുമാണെന്നാണ് പ്ലഹ്‌നേവിന്റെ വാദം. വികാരാംശം മുറ്റിയ കവിതയുടെ മാധ്യമം തന്നെ വാക്കുകൾ ആയിരിക്കെ ഇത്തരം വേർതിരിക്കൽ അസംബന്ധമാണ്. കല മനുഷ്യർ തമ്മിലുള്ള സംവേദനത്തിന്റെ ഒരു സവിശേഷരൂപം തന്നെയാണെന്ന ടോൾസ്റ്റോയിയുടെ വാദം അവിതർക്കിതം തന്നെ. എന്നാൽ വിചാര-വികാരങ്ങൾ തമ്മിലുണ്ടെന്ന് ടോൾസ്റ്റോയി ധരിക്കുന്ന ഈ ദ്വിതത്വം അയഥാർത്ഥമാണ്. പ്ലഹ്‌നോവ് പറയുന്നു:
” കല  മനുഷ്യരുടെ വികാരങ്ങൾ മാത്രമേ പ്രകടിപ്പിക്കൂ എന്ന വാദം ശരിയല്ല. കല വികാരങ്ങൾക്കൊപ്പം വിചാരങ്ങൾക്കും രൂപം നൽകുന്നു. എന്നാൽ കല അവ ആവിഷ്കരിക്കുന്നത് അമൂർത്തമായിട്ടല്ല. സജീവ പ്രതിരൂപങ്ങളിലൂടെയാണെന്നു മാത്രം. കലയെ മറ്റുള്ളവയിൽനിന്ന് വേർതിരിച്ചു കാട്ടുന്ന സവിശേഷതയും ഇതുതന്നെ. സ്വയം അനുഭവിച്ച ഒരു വികാരം മറ്റുള്ളവർക്കു പകരാനായി തന്നിൽത്തന്നെ അത് പുനരാവിഷ്കരിച്ച് ചില ബാഹ്യ ചേഷ്ടകളിലൂടെയും അടയാളങ്ങളിലൂടെയും പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ ആരംഭം എന്ന് ടോൾസ്റ്റോയി അഭിപ്രായപ്പെടുന്നു. തന്റെ ചുറ്റുപാടുകളുടെ സ്വാധീനത്തിൽ അനുഭവപ്പെടുന്ന വിചാരവികാരങ്ങൾ സ്വയം പുനരാവിഷ്കരിച്ച് വ്യക്തമായ പ്രതിരൂപങ്ങളിലൂടെ അവ പ്രകടിപ്പിക്കുമ്പോഴാണ് കലയുടെ തുടക്കം  എന്ന് ഞാൻ വിശ്വസിക്കുന്നു. തന്റെ പുനർവിചാരത്തിനും പുനരനുഭവത്തിനും വിധേയമായ വസ്തുതകളാണ് അയാൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നത്. ഭൂരിപക്ഷം സന്ദർഭങ്ങളിലും ഇതാണ് സംഭവിക്കുക എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. കല ഒരു സാമൂഹ്യപ്രതിഭാസമാണ്” 

സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പി.ജി മാർക്സിസത്തിനെന്ന പോലെ  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭവാവനകൾ വിലപ്പെട്ടതാണ്.  പി.ജിയുടെ പുസ്തകങ്ങളും ലേഖനങ്ങളും  പ്രഭാഷണങ്ങളുടെ ശബ്ദരേഖയുണ്ടെങ്കിൽ അവയും  വിജ്ഞാനദാഹികൾക്ക് എക്കാലത്തേക്കൂം  അവലംബമാക്കാവുന്ന അറിവിന്റെ വിഭവഉറവിടങ്ങളായിരിക്കും. സാഹിത്യകുതുകികൾക്ക് ഒരു റോൾ മോഡലാണ് പി.ജി. അറിവിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പി  വിലപ്പട്ട മുത്തുകൾ തെരഞ്ഞുപിടിച്ച് മാലോകർക്കു സമർപ്പിക്കുവാൻ ജീവിതം ഉഴിഞ്ഞുവച്ച മഹാരഥൻമാരിൽ ഒരാൾകൂടി ഓർമ്മയായി. ജീവിച്ചിരുന്നതിന് ഒരുപാട് രേഖകൾ അവശേഷിപ്പിച്ചുകൊണ്ട്. മരിച്ചാലും മരിക്കാത്തവരാണ് എഴുത്തുകാർ. അതുകൊണ്ട്  പി.ജിയുടെ ഭൗതികശരീരം മൺമറഞ്ഞു എന്നത്  യാഥാർത്ഥ്യമാണെങ്കിലും മരിക്കാത്ത പലതും ജിവിച്ചിരിക്കവേ അദ്ദേഹം സമൂഹത്തിനു മുതൽകൂട്ടിയിട്ടുണ്ട്. അതുകൊണ്ട് മരണത്തിന് പി.ജിയുടെ കാര്യത്തിൽ അത്ര അഹങ്കരിക്കാനാകില്ല. തലമുറകളിലൂടെ അദ്ദേഹം ജീവിക്കും. കെ.ഇ.എൻ പറഞ്ഞതുപോലെ പി.ജിയെ നമ്മൾ ഓർക്കേണ്ടത് പതിവ് അനുശോചനവാക്യങ്ങൾ കൊണ്ടല്ല, അദ്ദേഹം തുറന്നുവച്ച വായനയുടെ വിപുലമായ ലോകത്തിലേയ്ക്ക് നമ്മെത്തന്നെ എടുത്തുവച്ചുകൊണ്ടാണ്.

 (മാർക്സിസ്റ്റ് സൈദ്ധാന്തികാചാര്യനായിരുന്ന സ.പി. ഗോവിന്ദപ്പിള്ളയെക്കുറിച്ചുള്ള  ഓർമ്മകളെയും അദ്ദേഹം രചിച്ച  “മാർക്സിയൻ സൌന്ദര്യശാസ്ത്രം ഉദ്ഭവവും വളർച്ചയും“ എന്ന ഗ്രന്ധത്തെയും  ആസ്പദമാക്കി ഞാൻ  എഴുതിയ ഈ  ലേഖനം  അടുത്തിടെ ആരംഭിച്ച   അക്ഷരം ഓൺലെയിൻ  മാസികയിൽ പ്രസിദ്ധീകരിക്കുന്നതിനായി മാറ്റിവച്ചിരുന്നതാണ്.  മാസികയുടെ ഈ ലക്കത്തിൽ  അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത ലേഖനം അവിടെ നിന്നും  വായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്  ഇവിടെയുള്ള  ലിങ്കുകളിൽ ഏതിലെങ്കിലും  ക്ലിക്ക് ചെയ്ത്  അക്ഷരം മാഗസിനിൽ എത്താം).