Archives

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

(7-2-2012-ൽ പോസ്റ്റ് ചെയ്തത് )

ഇതെഴുതുന്ന ഞാനവർകൾ ഏതെങ്കിലും മതാചാരങ്ങൾ അനുഷ്ഠിക്കുകയോ പ്രാർത്ഥനകൾ നടത്തുകയോ ചെയ്യുന്നില്ല. എന്നുവച്ച് മതം എന്ന യാഥാർത്ഥ്യത്തെ നിരാകരിക്കുകയോ സ്വത്തനിഷേധം നടത്തുകയോ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മതങ്ങൾ നിലനിൽക്കുന്നു എന്നത് ഞാൻ ജിവിക്കുന്ന സമൂഹത്തിലെ ഇന്നിന്റെയും യാഥാർത്ഥ്യമാണ്. ഒരാൾ ജനിച്ചുവളർന്ന കുടുംബത്തിന്റെ മതത്തെ അയാൾ എത്രതന്നെ നിഷേധിച്ചാലും സമൂഹം അയാളുടെ മതം അയാളിൽ ആരോപിക്കുകതന്നെ ചെയ്യും. ഒരാൾക്ക് ഒരു മതവുമില്ലെന്ന് സ്വയം അവകാശപ്പെടാം. പക്ഷെ സമൂഹത്തിൽ ഭൂരിപക്ഷം പേരും മതമില്ലാത്ത ഒരാളായി അയാളെ കാണണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ജീവിതവും മതവും തമ്മിൽ അത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെ കാരണം. പക്ഷെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു വിശ്വാസപ്രകടനം നടത്തുന്നത് സത്യസന്ധതമല്ലാത്ത ഒരു പ്രവൃത്തിയായിരിക്കും. അതിന്റെ ആവശ്യമില്ലെന്നു മാത്രം. വിശ്വാസം ഒരു പോരായ്മയായോ അവിശ്വാസം ഒരു അപരാധമായോ ഈയുള്ളവൻ കാണുന്നില്ല. അതുകൊണ്ടുതന്നെ മതങ്ങളെക്കുറിച്ച് അധികം വിമർശനം നടത്തിയതുകൊണ്ട് ഈ ലേഖകന് വലിയ സായൂജ്യമൊന്നും ലഭിക്കാനില്ല. മതവിമർശനംകൊണ്ട് പെട്ടെന്നുള്ള എന്തെങ്കിലും മാറ്റം ഏതെങ്കിലും മതത്തിൽ നിന്ന് പ്രതീക്ഷിക്കാനുമില്ല. പ്രത്യേകിച്ചും എല്ലാ വിശ്വാസങ്ങളും വിശ്വാസത്തിനുവേണ്ടി മന:പൂർവ്വമുള്ള വിശ്വാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്!

വിശ്വാസമാറ്റങ്ങൾ സാർവത്രികമല്ല

അല്ലെങ്കിൽത്തന്നെ മത- ദൈവ വിശ്വാസങ്ങൾ ഉപേക്ഷിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകളിലേയ്ക്കും നേരേതിരിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകൾ ഉപേക്ഷിച്ച് മത-ദൈവ വിശ്വാസങ്ങളിലേയ്ക്കും ആളുകൾ പോകുന്നത് വളരെക്കുഞ്ഞൊരളവിൽ മാത്രമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പറയത്തക്ക ഒഴുക്ക് സാധാരണ ഗതിയിൽ സംഭവിച്ചു കാണാറില്ല. അതുകൊണ്ടാണല്ലോ പ്രത്യക്ഷനിരീശ്വരവാദികൾ ലോകത്തിൽ അന്നുമിന്നും ചെറുന്യൂനപക്ഷമായിത്തന്നെ നിലനിൽക്കുന്നത്. മാത്രവുമല്ല വിശ്വാസികൾക്ക് ധാരളം സൌകര്യങ്ങൾ ഉണ്ട്. അവിശ്വാസികൾക്ക് ഏറെ അസൌകര്യങ്ങളും. ഇന്നത്തെ കാലത്തുപോലും വിശ്വാസിയായി ജീവിക്കുന്നത്ര എളുപ്പവും സുഖകരവുമല്ല, ഒരു അവിശ്വാസിയായി ജീവിക്കുക എന്നത്. ( ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ വിശ്വാസികൾ എന്നും മറിച്ചുള്ളവരെ അവിശ്വാസികൾ എന്നുമാണ് വിശേഷിപ്പിക്കേണ്ടിയിരുന്നത്. പക്ഷെ വിശ്വാസി, അവിശ്വാസി എന്നീ വാക്കുകൾ ദ്യോതിപ്പിക്കുന്ന അർത്ഥങ്ങൾ പണ്ടുമുതലേ മറിച്ചായതുകൊണ്ട് അതങ്ങനെതന്നെ ഇരിക്കട്ടെ). മാറ്റത്തിന്റെ കാര്യം പറയുമ്പോൾ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള പരിവർത്തനവും വളരെക്കുറഞ്ഞ അളവിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അടുത്ത കാലത്തൊന്നും ഏതെങ്കിലും മതത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കുത്തൊഴുക്ക് ലോകത്തൊരിടത്തും സാധാരണ സംഭവിച്ചു കാണുന്നില്ല. എല്ലാ മതങ്ങളും തങ്ങളുടെ മതമാണ് ലോകത്തിൽ ഏറ്റവും ശ്രേഷ്ഠമായ മതമെന്ന് അവകാശപ്പെടുമ്പോൾ അതേപറ്റി അന്വേഷിക്കാനൊന്നും മിനക്കെടാതെ സൌകര്യാ‍ർത്ഥം ഓരോ മതത്തിലും നിൽക്കുന്നവർ തങ്ങളുടെ മതം തന്നെ ശ്രേഷ്ഠമെന്ന് സ്വയം വിശ്വസിച്ചും സമ്മതിച്ചും കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

അക്രമം അന്തർലീനമായ മതങ്ങൾ

മതങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ ബലത്തിലോ, അവ മനുഷ്യ നന്മയ്ക്ക് ഉതകുന്ന പല നല്ല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടോ മാത്രമല്ല മതങ്ങൾ നിലനിൽക്കുന്നത്; സംഘടിത ശക്തികൾ എന്ന നിലയിൽ അക്രമത്തിന്റെയും ഭീഷണിയുടേയും കൂടി ബലത്തിലാണ് എല്ലാ മതങ്ങളും നില നിൽക്കുന്നത്. ചിലയിടങ്ങളിൽ അധികാരത്തിന്റെ കൂടി ബലത്തിലും! വ്യക്തി സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തൽ, ജനാധിപത്യനിരാസം മുതലായവ മതങ്ങളുടെ പൊതുസ്വഭാവങ്ങളാണ് എന്നതാണ് മതങ്ങളോടുള്ള ഈ ലേഖകന്റെ വിയോജിപ്പിന്റെ പ്രധാന കാരണം. അല്ലാതെ മതങ്ങൾ ഉൾക്കൊള്ളുന്നന്ന ആശയങ്ങളോ അന്ധവിശ്വാസങ്ങൾ പോലുമോ അല്ല. ഓരോ മതത്തിന്റെയും അന്യമതസഹിഷ്ണുത സംശയാസ്പദമാണ്. തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഓരോ മതങ്ങളും അവകാശപ്പെടുന്നു. മതത്തിനെതിരായ ആശയങ്ങളെ, പ്രത്യേകിച്ച് യുക്തിവാദത്തെയും നിരീശ്വര വാദത്തെയും ആക്രമിക്കുന്നതിൽ എല്ലാ മതങ്ങളും ഒരുപോലെയാണ്. മതാധിഷ്ഠിത ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നും മറ്റു മതങ്ങൾക്കു സ്വാതന്ത്ര്യമില്ല. അവിടങ്ങളിൽ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമില്ല. ചില രാഷ്ട്രങ്ങളിൽ ഭരണം മതാധിഷ്ഠിതമല്ലെങ്കിലും ഭൂരിപക്ഷത്തിന്റെ മതം അവിടെ ഔദ്യോഗിക മതമാണ്. മറ്റു മതങ്ങൾക്ക് അവിടങ്ങളിൽ വളരെയൊന്നും നിലനിൽക്കാനോ വളരാനോ കഴിയില്ല. മതരാഷ്ട്രങ്ങളിൽ ഒന്നും തന്നെ ശരിയായ ജനാധിപത്യമോ പൌരാവകാശങ്ങളോ നിലനിൽക്കുന്നില്ല. ആഗോള മതരാഷ്ട്രങ്ങൾ സ്ഥാപിക്കുവാനാണ് പ്രബല മതങ്ങളായ കൃസ്ത്യാനികളും മുസ്ലിങ്ങളും മത്സരിക്കുന്നത്. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് മറ്റുമതങ്ങളെ പിന്തള്ളാനാണ് ഹിന്ദുമതതീവ്രവാദികൾ ശ്രമിക്കുന്നത്. മതതീവ്രവാദത്തിന്റെയും മതഭീകരതയുടെയും ലക്ഷ്യംകേവലം മതസംരക്ഷണമല്ല, അത്യന്തികമായ മതഭരണം സ്ഥാപിക്കുക എന്നതാണ്.

അന്ധവിശ്വാസങ്ങളും മതങ്ങളും

അതൊക്കെ എന്തായാലും മതങ്ങളുടെ അന്ധവിശ്വാസങ്ങളെപ്പറ്റി പരാതിപ്പെടുന്നതിലോ വിമർശിക്കുന്നതിലോ ഒരു കാര്യവുമില്ലെന്നറിയാം. കാരണം മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിടുള്ളത്. അന്ധ വിശ്വാസങ്ങൾ ഇല്ലാതായാൽ ഒരു മതത്തിനും നിലനില്പില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രത്യേക അന്ധവിശ്വാസത്തെ മാത്രം എടുത്ത് അതിനെ വിമർശിക്കുന്നതിലും വലിയ കാര്യമില്ല. ഓരോ കാലത്തും മതാശയങ്ങളിൽ വെള്ളം ചേർക്കപ്പെടുന്നതുപോലെ ഓരോ കാലത്തും പലതരം പുതിയ അന്ധവിശ്വാസങ്ങളും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കും.

തിരുകേശവിവാദം

ഒരു അന്ധവിശ്വാസത്തിന്റെ കൂടി കൂട്ടിച്ചേർക്കലാണ് ഈ പോസ്റ്റിനാധാരമായ തിരുകേശാരാധന. മതങ്ങളുടെ ഏണ്ണമറ്റ അന്ധവിശ്വാസങ്ങളിൽ ഒന്നായി ഇതിനെയും തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാൽ അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിയില്ലേ? അതും ഈ ആധുനിക കാലത്ത്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഈ മുടിപൂജയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നു. സുന്നിപണ്ഡിതനായ കാന്തപുരം അബൂബേക്കർ ആണ് മുടിപൂജയ്ക്കും അതിനായുള്ള പള്ളിപണിയലിനും നേതൃത്വം നൽകുന്നത്. അതുകൊണ്ട് മുസ്ലിങ്ങളിലെ മറ്റുവിഭാഗങ്ങളായ ജമാ-അത്തെ ഇസ്ലാമിയും മുജാഹിദുകളും മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നതെങ്കിൽ അവർ സുന്നികളുടെ എതിർപക്ഷമെന്നു കരുതി അവഗണിക്കാമായിരുന്നു. ഇതിപ്പോൾ സുന്നികളിൽതന്നെ നല്ലൊരുപങ്ക് ആളുകളും മുടിപൂജയെ എതിർക്കുകയാണ്. ഈ തിരുമുടി പ്രവാചകന്റേതാണെന്നുള്ള അവകാശവാദത്തെത്തന്നെ വിമർശകർ പാടേ തള്ളിക്കളയുന്നുണ്ട്. ഇനി ഇത് അഥവാ പ്രവാചകന്റേ കേശം തന്നെ ആയാലും ആ കേശത്തെ തിരുകേശമായി കരുതി ആരാധിക്കുന്നതും അതിനായി ഒരു പള്ളിതന്നെ പണിയുന്നതും ഇസ്ലാമതത്തെ സംബന്ധിച്ച് ശരിയായ കാര്യങ്ങളാണോ? അല്ലാ എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാരണം അത്തരം ആരാധനകൾ ഇസ്ലാമികമല്ല.

ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല

ഞാൻ പള്ളിക്കൂടത്തിലും പള്ളിയിലും പഠിച്ച അറിവുവച്ച് മുഹമ്മദ് നബിയാണ് ഇസ്ലാമതസ്ഥാപകൻ. ഇസ്ലാമതത്തെ സംബന്ധിച്ച് പള്ളിയിലും പള്ളിക്കൂടത്തിലും പഠിച്ചിട്ടുള്ളത് ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നാണ്. “ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നു സന്ദേശം നൽകിയ നൂറുള്ളാ…….” എന്നു തുടങ്ങുന ഒരു ഗാനം ഈയുള്ളവനും കൊച്ചിലേ പാടി നടന്നത് ഇപ്പോഴും ഓർമ്മയുണ്ട്. പള്ളികളിൽ നബിദിനാഘോഷങ്ങളിലും മത പ്രഭാഷണങ്ങളിലും മറ്റും സ്ഥിരം പാടിപ്പതിഞ്ഞ ഒരു ഗാനമായിരുന്നു അത്. പ്രവാചകനെ ബഹുമാനിക്കണമെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷെ പ്രവാചകനെ ആരാധിക്കണമെന്ന് പ്രവാചകൻ പോലും പറഞ്ഞതായി അറിയില്ല. അപ്പോൾപിന്നെ പ്രവാചകന്റെ മുടിയെ ആരാധിക്കുന്നത് ഇസ്ലാമത വിശ്വാസത്തിന് ഒട്ടുംതന്നെ നിരക്കുന്നതല്ല. വസ്തുക്കളേയോ മനുഷ്യനുൾപ്പെടെയുള്ള ജിവികളെയോ അവയുടെ അവയവങ്ങളെയോ ആരാധിക്കുന്ന രീതി ഇസ്ലാമികമല്ലാ എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രവാചകന്റെ ജനനസമയത്ത് അറേബ്യയിലെ വിഗ്രഹങ്ങൾ ഒക്കെയും തകർന്നു വീണതായി പണ്ട് പള്ളിയിൽ ഉസ്താദ് പഠിപ്പിച്ചത് ഓർമ്മയുണ്ട്. സംഭവിച്ചതായാലും അല്ലെങ്കിലും. ഖബർപൂജപോലും തെറ്റാണെന്നാണ് പല ഇസ്ലാമത പണ്ഡിതന്മാരും പറഞ്ഞുതരുന്നത്. ഇതൊക്കെ ഏതൊരു സാധാരണ മുസ്ലിം വിശ്വാസിയും മത പ്രഭാഷണങ്ങളിലൂടെയെങ്കിലും കേട്ട് മനസിലാക്കിവച്ചിട്ടുള്ളതാണ്. നിഷ്കളങ്കമായി ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന സാധാരണ വിശ്വാസികളുടെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് തിരുകേശം പോലെയുള്ള ഇത്തരം അന്ധവിശ്വാസ പ്രചരണം.

ചരിത്രപണ്ഡിതമതം

തിരുവനന്തപുരം കാര്യവട്ടത്തെ കേരളസർവ്വലാശാലാ ഇസ്ലാമിക്ക് ഹിസ്റ്ററി വിഭാഗം റീഡർ പ്രൊ. ഷറഫുദീൻ ഈയുള്ളവന്റെ നാട്ടുകാരനും ചരിത്ര പണ്ഡിതനും ചില ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചരിത്രത്തിലും ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ആധികാരികമായി അഭിപ്രായം പറയാൻ മാത്രം ചരിത്രപാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. ഈ തിരുമുടി വിവാദം സംബന്ധിച്ച് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഈ തിരുകേശം അന്ധവിശ്വാസമാണെന്നും അത് പ്രവാചകന്റേതല്ലെന്നും മതത്തെ സ്വാർത്ഥലാഭങ്ങൾകുവേണ്ടി ഉപയോഗിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.

ചിന്താക്കുഴപ്പത്തിലാകുന്ന നിഷ്കളങ്കവിശ്വാസികൾ

ഇക്കാര്യത്തിൽ ഒരു പ്രയോജനവിമില്ലാതെ എന്തിന് ഇങ്ങനെ എഴുതി മനസിനെയും വിരലുകളെയും സമയത്തെയും മിനക്കെടുത്തുന്നു എന്നു ചോദിച്ചാൽ, ഇയുള്ളവൻ ആകാശത്ത് നിന്നുപൊട്ടിമുളച്ച ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല. എന്റെ വീട്ടുപേർ നിരീശ്വരാലയം എന്നുമല്ല. എന്റെ കുടുംബാംഗങ്ങൾ മതാന്ധത ബാധിച്ചവർ അല്ലെങ്കിലും സാധാരണ ഇസ്ലാമത വിശ്വാസികളാണ്. പരമ്പരാഗതമായ വിശ്വാസം തുടർന്നുപോരുന്നവരാണ്. അവരുടെ വിശ്വാസങ്ങൾ എനിക്കും പ്രധാനപ്പെട്ടതാണ്. അവരുടെ വിശ്വാസങ്ങളോട് എനിക്ക് ബഹുമാനമാണ്. അവരുടെ വിശ്വാസത്തിന്റെയും നിസ്കാരപ്പുരയുടെയും വിശുദ്ധി എന്റെയും കൂടി ബാദ്ധ്യതയാണ്. എന്നാൽ ഈ തിരുകേശം അവരുടെ മനസിലും സംശയങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയിരിക്കുന്നു. അവർ നിഷ്കളങ്കരായ സാധാരണ ഇസ്ലാമത വിശ്വാസികളാണ്. കേവലം വിശ്വാസികൾ മാത്രമല്ല, സാധാരണ പള്ളികളിലെ പാവം മൌലവിമാരും ആകെ ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആളുകളുടെ ചോദ്യങ്ങൾക്കുമുന്നിൽ അവർ നിസ്സഹായരാകുന്നു. ഓരോ വ്യക്തികൾക്ക് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഇഷ്ടപ്രകാരം എന്തുതരം വിശ്വാസവും തിരുകി കയറ്റാവുന്ന ഒന്നായി ഇസ്ലാമതം അധപ്പതിക്കുന്നതിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിങ്ങൾക്കുള്ള അസ്വസ്ഥത എന്റെയും കൂടി അസ്വസ്ഥതയാകുന്നു. കുടുംബത്തിൽ നിന്നും ചുറ്റിലുമുള്ള സമൂഹത്തിൽ നിന്നും വേറിട്ട് എനിക്കുമില്ലല്ലോ ഒരു വ്യക്തിത്വം! ഇപ്പോൾ തന്നെ ആവശ്യത്തിന് അന്ധവിശ്വാസങ്ങൾ എല്ലാ മതങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇനി ഇങ്ങനെ പുതിയതോരോന്ന് കൊണ്ടുവരാതിരുന്നാൽ അത്രയും നന്നായിക്കും എന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് ചുരുക്കുന്നു.

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി

ഹജ്ജിനു പോകേണ്ടതിനും ഹജ്ജു ചെയ്യേണ്ടതിനും ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നാണ് എന്റെ അറിവ്. അത്തരം എല്ലാ നിബന്ധനകളെക്കുറിച്ചും വലിയ അറിവില്ലതാനും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയാലും പിന്നീടുള്ള ജീവിതത്തിലും മുമ്പില്ലാത്ത ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. മതപണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ള അറിവികൾക്കു പുറമേ എന്റെ കുടുംബത്തിലുള്ള പലരും ഹജ്ജിനു പോകുകയും മടങ്ങി വരികയും ഒക്കെ ചെയ്യുമ്പോൾ കുടുംബ സദസുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഹജ്ജ് സംബന്ധമായ ചില അറിവുകൾ ലഭിക്കാറുണ്ട്. അതിനൊക്കെ എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ല.

എന്തായാലും സാമ്പത്തികമായി ശേഷിയുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിനു പോകാനുള്ള ചെലവുകൾ നിർവ്വഹികാൻ കഴിയാത്തവർ ഹജ്ജ് അനുഷ്ടിക്കണമെന്ന് നിർബന്ധമില്ല എന്ന് പല മത പണ്ഡിതന്മാരും പറഞ്ഞറിഞ്ഞറിവുണ്ട്. ഹജ്ജിനു പോകുന്നവർ തങ്ങൾക്ക് ആരുമായെങ്കിലും വല്ല സാമ്പത്തിക ബാദ്ധ്യതയും ഉണ്ടെങ്കിൽ അതൊക്കെ തീർക്കുകയും വേണ്ടപ്പെവർ ആരെങ്കിലുമായി വല്ല വിരോധവും ഉണ്ടെങ്കിൽ അതൊക്കെ അവസാനിപ്പിച്ച് എല്ലാവരുടെയും പൊരുത്തമൊക്കെ വാങ്ങി ശുദ്ധമനസോടെ ഹജ്ജിനു പോകണമെന്നാണ്. അതിൻപ്രകാരം ചിലരൊക്കെ ഹജ്ജ്സമയത്ത് ശത്രുക്കളെപ്പോലും കണ്ട് കെട്ടിപ്പിടിച്ച് പരസ്പരം സൌഹൃദപ്പെടുന്നതും സന്തോഷത്തോടെ യാത്രയാക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.എന്തായാലും ഹജ്ജിനു പോകുന്ന സന്ദർഭങ്ങൾ മുസ്ലിം വീടുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഹജ്ജിനു പോകുക എന്നത് ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് ഒരു സ്വപ്നവുമാണ്.

ഇപ്പോൾ ഇവിടെ ഈ കുറിപ്പ് എഴുതാൻ കാരണം ഇന്ന് ഒരു പത്രത്തിൽ കണ്ട വാർത്തയാണ്. കുറച്ച പാവങ്ങൾക്ക് ഹജ്ജിനു പോകാൻ ഓരോ വർഷവും സൌദി സർക്കാരിൽനിന്ന് സഹായം ലഭിക്കുമത്രേ. ഇത്തവണ അങ്ങനെ ഇരുപത് പേർക്ക് സൌജന്യ ഹജ്ജ് യാത്ര തരപ്പെട്ടു. പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് സൌദി സർക്കാർ ഈ സൌജന്യ ഹജ്ജ് യാത്ര നൽകുന്നത്. എന്നാൽ ഇത്തവണ ഇവിടെ ആ സൌജന്യം പറ്റി ഹജ്ജിനു പോകുന്നവരൊന്നും പാവങ്ങളല്ലത്രേ. ചില മുസ്ലിം ലീഗ് നേതാക്കളും തീരെ പാവങ്ങളല്ലാത്ത ചിലരും ആണത്രേ പാവങ്ങൾക്കുള്ള സൌജന്യം തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത്. പാണക്കാട് കുടുംബത്തിൽ പെട്ടവർ പോലും ഈ ആനുകൂല്യം പറ്റി ഹജ്ജിനു പോകുന്നുണ്ടത്രേ. പാണക്കാട് കുടുംബം അടുത്തിടെയെങ്ങാനും തീരെ പാപ്പരീകരിക്കപ്പെട്ടു എന്ന വാർത്തകൾ വല്ലതും നമുക്ക് മിസ് ആയോ ആവോ! എം. ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൌഹൃദ സംഘവും സൌദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. ഇത് സൌജന്യമല്ലെങ്കിലും ഈ ലിസ്റ്റിലും അനർഹരാണത്രേ കടന്നുകൂടിയിരിക്കുന്നത്.

സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർന്ധമുള്ളത്. അല്ലാത്തവരെ നിർബന്ധിച്ചാലും പാവങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ. ഹജ്ജിനു പോകാൻ സർക്കാരിൽ നിന്ന് സബ്സിഡി നൽകുന്നുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബന്ധമുള്ളത് എന്നിരിക്കെ സർക്കാരിൽ നിന്ന് സബ്സിഡി വാങ്ങുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച് ബാബറി മസ്ജിദ് ആക്ഷൻ കൌൺസിൽ നേതാവായിരുന്ന സയ്യദ് ഷിഹാബുദ്ദീൻ മുമ്പ് ഏതോ ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്. .കാശുള്ളവരാണല്ലോ ഹജ്ജിനു പോകുന്നത്. അഥവാ അവരാണല്ലോ പോകാൻ നിർബന്ധിതർ. അവർക്കുപിന്നെ സബ്സിഡി എന്തിന്? അവർക്ക് അനുവദിക്കുന്ന സബ്സിഡി ഒഴിവാക്കി ആ തുകയിൽ കുറച്ചു പാവങ്ങളെ ഹജ്ജിനയച്ചാൽ അതല്ലേ കൂടുതൽ പുണ്യം.സബ്സിഡി വാങ്ങിയുള്ള ഹജ്ജ് യാത്രയെപോലും ചില മുസ്ലിം പണ്ഡിതന്മാരെങ്കിലും അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത.

പാവങ്ങൾക്ക് സൌദി സർക്കാർ അനുവദിക്കുന്ന സൌജന്യ ഹജ്ജ് യാത്രാ ആനുകൂല്യം സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പാവങ്ങളല്ലാത്തവർ തട്ടിയെടുത്ത് ഹജ്ജ് ചെയ്താൽ അത്.. …… വേണ്ട, അവർ ഒരു പുണ്യ കർമ്മത്തിനു പോയിരിക്കുകയല്ലേ? അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ഞാൻ ഇപ്പോൾ എഴുതുന്നില്ല.ഞാൻ ഇതെഴുതാൻ കാരണം, എന്റെ നാട്ടിൽ മരിക്കുന്നതിനുമുമ്പ് ഒന്നു ഹജ്ജിനുപോകാനുള്ള നിവൃത്തി ഉണ്ടായില്ലല്ലോ എന്ന് വിലപിക്കുന്ന ധാരാളം പാവപ്പെട്ട നിഷ്കളങ്കരായ മുസ്ലിങ്ങളുണ്ട്. അങ്ങനെയുള്ള പാവങ്ങളായ ചിലർക്കെങ്കിലും സൌജന്യമായി ഹജ്ജ് ചെയ്ത് ജിവിതസായൂജ്യം നേടാൻ സാധിതമാകുന്ന ഒരു ആനുകൂല്യം സ്വയം തട്ടിയെടുത്ത് അനർഹാരായവർ ഹജ്ജ് യാത്രചെയ്യുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നുമാത്രം.

ഹജ്ജ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതെങ്ങനെ ആയിരിക്കണം എന്നും ഒക്കെയുള്ള കാര്യങ്ങൾ അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ വായിച്ച പത്രവാർത്ത സത്യമാണെങ്കിൽ അനർഹമായ മാർഗത്തിൽ ഹജ്ജ് ചെയ്യുന്നവർക്ക് ഒരു മന:സാക്ഷിക്കുത്തും ഇല്ലല്ലോ എന്നത് അദ്ഭുതകരം തന്നെ എന്ന് പറയാതിരിക്കാനാകുന്നില്ല. അവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് തീർപ്പു കല്പിക്കാൻ ഞാൻ ആളല്ല. ഞാൻ ഒരു മതപണ്ഡിതനും അല്ല. അതൊക്കെ മത പണ്ഡിതന്മാർ പറയട്ടെ. അല്ലെങ്കിൽ അങ്ങ് സുബർക്കത്തിൽ തീരുമാനിക്കട്ടെ! മേലില്‍ ഇതൊന്നും ആരും ആവര്‍ത്തിക്കാതിരിക്കട്ടെ!

വാലെഴുത്ത്: വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!