Archive | November 15, 2011

എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!

എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!

സാ‍ധാരണ രാഷ്ട്രീയ നേതാക്കളും വലിയ പണക്കാരും ഒക്കെ ഏതെങ്കിലും കേസിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടാൽ ആ ശിക്ഷ വിധിക്കുന്ന നിമിഷം കോടതിയിൽ ബോധംകെട്ട് വീഴാറുണ്ട്. ഇതെന്ത് അസുഖമാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നേരേ ജയിലിലേയ്ക്കല്ല, ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോകുക. ചിലർക്ക് ജയിലിൽ ചെന്നതിനുശേഷമാകും സൌകര്യം പോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക.അല്പം താഴേ കിടയിലുള്ള നേതാക്കൾക്കും ഒരുവിധം മാത്രം സാമ്പത്തികശേഷിയുള്ളവർക്കും കൂടി ഇത്തരം വിചിത്രമായ ജയിൽ രോഗങ്ങളും കോടതിരോഗങ്ങളും അസാധാരണമായി ഉണ്ടാകാറുണ്ട്. അതൊക്കെ ഓരോരുത്തർക്കും “രോഗങ്ങളിൽ” ഉള്ള സ്വാധീനം അനുസരിച്ചിരിക്കും! ഈ രോഗങ്ങളെ വൈദ്യശാസ്ത്രം എന്തു വിളിക്കുമെന്ന് അല്പജ്ഞാനിയായ ഈയുള്ളവന് അറിയില്ല.

ശുംഭൻ എന്ന വാക്കുവർഷിച്ച് ചില ന്യായാധിപന്മാരെ അതിക്രൂരമായി വധിക്കാൻ ശ്രമിച്ച സ.എം.വി.ജയരാജന് നമ്മുടെ ബഹുമാനപ്പെട്ട കേരള ഹൈക്കൊടതി ആറുമാസം തടവ് വിധിച്ചു.കഠിനതടവല്ലെങ്കിലും കഠിനതടവെന്നാണ് ആദ്യം വിധിന്യായത്തിൽ പറഞ്ഞത്. പക്ഷെ ആറുമാസം തടവെന്നും കഠിനതടവെന്നും ഒക്കെ പറഞ്ഞിട്ടും അപ്പീൽ ജാമ്യം തരാൻ മനസില്ലെന്നു കോടതി പറഞ്ഞിട്ടും സ.ജയരാജൻ ബോധം കെട്ട് വീണില്ല. ജയിലിൽ ചെന്നിട്ടും അദ്ദേഹം ഒരു രോഗത്തെയും തന്റെ ശരീരത്തിലേയ്ക്കോ മനസിലേയ്ക്കോ ആവാഹിച്ചെടുത്തില്ല. ഉള്ള ചെറിയ രോഗങ്ങൾ തന്നെ മറച്ചു. പ്രത്യേക സൌകര്യങ്ങളോ ഫൈവ്സ്റ്റാർ ആശുപത്രിയോ അദ്ദേഹം ആവശ്യപ്പെട്ടില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന അദ്ദേഹം നിയമവഴിയിൽ പൊരുതിയെങ്കിലും കോടതി അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തള്ളി ശിക്ഷ വിധിച്ചു. അത് ഇവിടുത്തെ മാർക്സിസ്റ്റ് വിരുദ്ധതിമിരനേത്രങ്ങൾ സർജറി നടത്താതെ കൊണ്ടു നടക്കുന്നവർ ഒക്കെയും ആഘോഷിക്കുകതന്നെ ചെയ്തു.

പിന്നീട് കൊടതിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സി.പി.എം സമാധാനപരമായി ഹൈക്കൊടതി പരിസരത്ത് ഒത്തുകൂടി പ്രതിഷേധിച്ചു. അങ്ങനെ ഒരു പ്രതിഷേധം നീതി പീഠത്തിനെതിരെ നടത്തേണ്ടി വന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ്. ജയരാജൻ എന്ന ഒരു വ്യക്തിയെ ശിക്ഷിച്ചു എന്നത് മാത്രമല്ല പ്രതിഷേധത്തിനിടയായത്. . പാതയൊര പൊതുയോഗം നിരോധിച്ചത്, അതിനെതിരെ പ്രസംഗമദ്ധ്യേ നിശ്ചിതാർത്ഥമില്ലാത്ത ഒരു വാക്ക് ഉപയോഗിച്ചു എന്ന ഒരു ചെറിയ കുറ്റത്തിനു നൽകിയ അന്യായമായ വലിയ ശിക്ഷ, അപ്പീൽ ജാമ്യം ലബിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചത്, സ. ജയരാജനെ പുഴു എന്നു വിധിന്യായത്തിൽ പരാമർശിച്ചത്, രാഷ്ട്രീയക്കാരെ ഒഴിവാക്കാനാകാത്ത പിശാചുക്കൾ എന്നു വിശേഷിപ്പിച്ചത് തുടങ്ങിയ ഗൌരവമേറിയ വീഴ്ചകൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ പ്രതികരണ ശേഷി ഉള്ള വ്യക്തികൾക്കോ, പ്രസ്ഥാനങ്ങൾക്കോ മിണ്ടാതിരിക്കാനാകില്ല. അതാണ് ഹൈക്കോടതിയ്ക്കുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ ഉണ്ടായത്. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിലുള്ള ഉൽക്കണ്ഠ വിളിച്ചറിയിക്കുവാനാണ് ആ കൂടിച്ചേരൽ ഉണ്ടായത്.

സ.ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയി. ബഹുജനരോഷം വിളിച്ചു വരുത്തുന്ന സമീപനം ബഹുമാനപ്പെട്ട ഹൈക്കൊടതിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് ജയരാജന്റെ അപ്പീലിന്മേൽ ഉള്ള സുപ്രീം കോടതി വിധിയും പരാമർശങ്ങളും തെളിയിക്കുന്നു. ജയരാജന് അപ്പീൽ ജാമ്യം നിഷേധിക്കുകയും അദ്ദേഹത്തെ പുഴുവെന്നു വിളിക്കുകയും മറ്റും ചെയ്തതിനെ സുപ്രീം കോടതി നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ജഡ്ജിമാർ വിധിപറയുമ്പോൾ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിധിന്യായത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കാര്യം സുപ്രീം കോടതി എടുത്തു പറഞ്ഞു. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നാളെ അദ്ദേഹം ജയിൽ മോചിതനുമാകും. കൂട്ടത്തിൽ ഹൈക്കൊടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെയും സുപ്രീം കോടതി വിമർശിച്ചു. എന്നാൽ ഇതാകട്ടെ ഹൈക്കൊടതിയ്ക്കുവേണ്ടി ഹാജരായ വക്കീൽ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് ആക്ഷേപമുണ്ട്.

ആ ഒരു പ്രതിഷേധം എന്തുകൊണ്ടുണ്ടായി എന്നതിന്റെ ഉത്തരം സുപ്രീം കോടതിയുടെ മറ്റ് പരാമർശങ്ങളിൽത്തന്നെ ഉണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ജയരാജൻ കേസിൽ ഹൈക്കൊടതി സ്വീകരിച്ചത് എന്ന കുറ്റപ്പെടുത്തലിന്റെ സൂചനയാണ് സുപ്രീം കോടതി പരാമർശങ്ങളിൽ ഉള്ളത്. എന്തായാലും നമ്മുടെ ഹൈക്കൊടതിയ്ക്കു മുകളിൽ ഒരു കോടതി ഉണ്ടായത് ശുഭപ്രതീക്ഷ നൽകുന്നു. നീതിപീഠത്തിനും തെറ്റു പറ്റാമെന്നും ആ തെറ്റു തിരുത്താനും നീതി പീഠത്തിനു കഴിയുമെന്നും ഉള്ള ഒരു ശുഭ സൂചന സുപ്രീം കോടതിവിധി നൽകുന്നുണ്ട്. ബാക്കിയൊക്കെ നമുക്ക് കാത്തിരുന്നു കാണാം. എന്തായലും സ. ജയരാജൻ ചുണക്കുട്ടിയാണ്. അദ്ദേഹത്തെ പോലെയുള്ള തന്റേടമുള്ള നേതാക്കളാണു നമുക്കവശ്യം. സ.എം.വി. ജയരാജന് ആയിരമായിരം അഭിവാദ്യങ്ങൾ!

ഹൈക്കോടതി പരിസരത്തെ സി.പി.എം പ്രതിഷേധം

ഹൈക്കോടതി പരിസരത്തെ സി.പി.എം പ്രതിഷേധം

സാധാരണ ഭരണകൂടങ്ങൾക്കെതിരെയാണ് ലോകത്തെവിടെയും പ്രക്ഷോഭങ്ങളുണ്ടാകുന്നത്. നീതിന്യായ വിഭാഗത്തിനെതിരെ അത്തരം പ്രക്ഷോഭങ്ങൾ സാധാരണമല്ല. കാരണം രാഷ്ട്രീയ ഭരണകൂടത്തോളം സമഗ്രമായ അധികാരം നിയമ വ്യവസ്ഥയ്ക്കില്ല. ഭാർണകൂടമടക്കം ഓരോരുത്തരും ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാനും തെറ്റുകൾ ബോദ്ധ്യപ്പെട്ടാൽ ആവശ്യമായ ശിക്ഷ വിധിക്കുവാനുമുള്ള അധികാരമേ കോടതികൾക്കുള്ളൂ. വിധികൾ നടപ്പിലാക്കാനുള്ള ചുമതല പോലും രാഷ്ട്രീയ ഭരണകൂടത്തിനും അതിന്റെ അനുബന്ധസംവിധാ‍നങ്ങൾക്കുമാണ്. ഇവിടെ ശിക്ഷിക്കുന്ന പ്രതിയെ കോടതിയിലേയ്ക്ക് ആനയിക്കുന്നതുപോലും ഭരണകൂടത്തിന്റെ മർദ്ദനോപകരണമായ പോലീസ് ആണ് എന്നതുതന്നെ ഉദാഹരണം. നിയമപണ്ഡിതന്മാർ എന്ന നിലയിൽ ചില ന്യായാധിപവിധികൾ അഥവാ കോടതിവിധികൾ പിന്നീട് കീഴ്വഴക്കങ്ങളായും അവ നിയമങ്ങളായും അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ ഒരു പുതിയ നിയമം നിർമ്മിക്കുവാനുള്ള യഥാർത്ഥ അവകാശം കോടതികൾക്കില്ല. അത് നിയമ നിർമ്മാണ സഭകൾക്കാണ്. ചുരുക്കത്തിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും ലംഘിക്കുന്നുണ്ടോ എന്നും നോക്കാനും ലംഘിയ്ക്കപ്പെടുമ്പോൾ ലംഘിക്കുന്നവരെ ശിക്ഷിക്കാനും നിയമങ്ങളെ വ്യക്തതയ്ക്ക് വേണ്ടി ആവശ്യമെങ്കിൽ വ്യാഖ്യാനിക്കുവാനും മറ്റും മാത്രമാണ് കോടതികൾക്കവകാശം. ഭരണകൂടവും നീതിപീഠവും പൌരസമൂഹവും ഉൾപ്പെട്ട മൊത്തം സംവിധാനത്തിന്റെ ഒരു കാവൽ ചുമതലയാണ് നിതി പീഠത്തിനുള്ളത്. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തെയും അത് അനുവദിക്കുന്ന പൌരാവകാശങ്ങളെയും സംരക്ഷിക്കുക എന്നത് കോടതികളുടെയുംകൂടി ചുമതലയാണ്. എന്നാൽ നമ്മുടെ നീതിപീഠത്തിലെ ചില ന്യായധിപന്മാരുടെ വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങൾ ജനാധിപത്യ വിരുദ്ധമായ വിധികളായി പരിണമിക്കുന്നത് നിർഭാഗ്യകരമാണ്. അതിനെതിരെ ജനരോഷമുണ്ടാകുക സ്വഭാവികമാണ്.

ഇവിടെ പാതയോരപൊതുയോഗങ്ങൾ തുടങ്ങിയ പൌരാവകാശങ്ങൾ ഇല്ലാതാക്കുന്ന തരം നിലപാടുകൾ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ്. ഇതിനെ ന്യായീകരിക്കുന്നവർ ആരായാലും അവർ ഇരിക്കുന്ന കൊമ്പു മുറിക്കുന്നവരാണ്. നമ്മുടെ കോടതിയിൽ നിന്ന് അത്തരം ദൌർഭാഗ്യകരമായ ഒരു വിധി വന്നപ്പോൾ എം.വി.ജയരാജൻ എന്ന ഒരു പൌരൻ അതിനെതിരെ സംസാരിച്ചു. എന്നാൽ അദ്ദേഹം ഉപയോഗിച്ച ഭാഷ വിവാദമായി. കോടതിയ്ക്ക് അതിൽ അതൃപ്തിയുണ്ടായി സ്വയം കേസെടുത്തു. എന്നാൽ കുറ്റം കോടതിയ്ക്കു നേരെയാണു ചെയ്തിരിക്കുന്നത് എന്നു കരുതി ശിക്ഷ അന്യായമാകാമോ? ഓരോ കുറ്റത്തിന്റെയും കാഠിന്യമനുസരിച്ചാണ് ശിക്ഷവിധിക്കുക പതിവ്. ഇവിടെ കേവലം ഒരു പദപ്രയോഗത്തിന്റെ പേരിൽ വൈരാഗ്യബുദ്ധിയൊടെ അതിരുകടന്നതും അന്യായവുമായ ശിക്ഷയാണ് നൽകിയതെന്ന ആക്ഷേപം ഉണ്ടായിരിക്കുന്നു. ഇവിടെ ജയരാജനെ ന്യായമല്ലാത്ത ശിക്ഷനൽകുകയും അദ്ദേഹത്തിന് നിലവിലുള്ള നിയമമനുസരിച്ച് ന്യായമായി ലഭിക്കേണ്ട അപ്പീൽ അവകാശം പോലും നിഷേധിക്കുകയും ചെയ്തതിനെതിരെ മാത്രമായാലും ശരി, പാതയോരപൊതുയോഗനിരോധനത്തിനെതിരെ മാത്രം ആയാലും ശരി, ഇത് രണ്ടിനുമെതിരെ ഉള്ളതായാലും ഇന്ന് ഹൈക്കൊടതി പരിസരത്ത് സി.പി.എം നടത്തിയ പ്രതിഷേധം തികച്ചും ന്യായമാണ്.

ഇന്ന് ഹൈക്കൊടതി പരിസരത്ത് നടത്തിയ പ്രതിഷേധം കോടതി നടപടികൾ തടസ്സപ്പെടുത്താതെയും ജനങ്ങൾക്ക് ഒരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാ‍കതെയും ആയിരുന്നു. മുദ്രാവാക്യങ്ങൾക്കു പകരം പ്ലക്കാർഡുകൾ പിടിച്ചായിരുന്നു സമരം. പുതിയൊരു സമര മാതൃക ഇതു വഴി സൃഷ്ടിച്ചു എന്നത് ശരിതന്നെ. . ജയരാജന് ചെറിയ കുറ്റത്തിനു വലിയ കുറ്റത്തിന്റെ ശിക്ഷനൽകിയതിനെതിരെ മാത്രമാണ് പ്രതിഷേധം നടത്തിയതെങ്കിൽ നിശബ്ദസമരം കൊണ്ട് തൃപ്തിപ്പെടാമായിരുന്നു. എന്നാൽ പാതയോര പൊതുയോഗ നിരോധനം പോലെയുള്ള വലിയ ജനാധിപത്യാവകാശധ്വംസനങ്ങളെ ഇത്തരം മൃദുവായ ഒരു പ്രതിഷേധംകൊണ്ട് ലഘൂകരിച്ചതിനോട് വ്യക്തിപരമായി ഞാൻ യോജിക്കുന്നില്ല. കാരണം ഇത് വളരെ ഗൌരവമുള്ള പ്രതികരണം അർഹിക്കുന്നതാണ്. ഹൈക്കൊടതിയുടെ പ്രവർത്തനം സ്തംഭിപ്പികാതിരിക്കുന്നത് നല്ലാതാണെങ്കിലും ഒരു ദിവസമെങ്കിലും ഹൈക്കൊടതിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുവാനും തുടർന്നും ഇതിനെതിരെ ബഹുവിധസമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുമായ ഗൌരവം വിഷയത്തിനുണ്ട് എന്നതാണ് വസ്തുത. ബധിരകർണ്ണങ്ങൾക്കു നേരെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്നതുപോലെ അവരുടെ തിമിര നേത്രങ്ങൾക്കുനേരെ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയിട്ടും കാര്യമില്ല. ഹൈക്കൊടതി പരിസരത്ത് നല്ല നാലു മുദ്രാവാക്യം വിളിച്ചാൽ സി.പി.എമ്മിന്റെ ആകാശം ഇടിഞ്ഞു വീഴുമായിരുന്നില്ല. മൌന വ്രതം ആചരിക്കുവാൻ സി.പി.എം നേതാക്കളും പരവർത്തകരും അണ്ണാ ഹസാരെമാരാണോ? അക്രമസമരം ഒഴിവാക്കണമെന്നത് അംഗീകരിക്കാം. പക്ഷെ മുദ്രാവാക്യംവിളിയിൽ എന്താണക്രമം? ആരുടെ നാലു മുദ്രാവാക്യം കേട്ട് പൊട്ടുന്ന അരഷ്ട്രീയച്ചെവികൾ അങ്ങ് പൊട്ടട്ടെ എന്നു വിചാരിക്കണമായിരുന്നു.

സാധാരണ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റുമൊക്കെ എതിരെ വമ്പിച്ച ഒരു മാർച്ച് നടത്തുമ്പോൾ സംഭവിക്കുന്നത് , വഴിയ്ക്കു വച്ച് അത് പോലീസ് തടയും. അപ്പോൾ മാർച്ച് ചെയ്യുന്നവർ അവിടെ ഇരിക്കുകയും നേതാക്കൾ പ്രസംഗിക്കുകയും ചെയ്യുന്ന രൂപത്തിൽ പ്രതിഷേധം നടത്തി മടങ്ങുന്ന ഒരു കീഴ്വഴക്കം അഥവാ ഒരു അഡ്ജസ്റ്റ്മെന്റാണ് നടന്നുവരാറുള്ളത്. ഇതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. ഹൈക്കോടതിയ്ക്കു നേരെയും അങ്ങനെ ഒരു മാർച്ച് തന്നെ വേണമായിരുന്നു. അല്ലെങ്കിൽ ഒരു കൂട്ട നിരാഹാരസത്യാഗ്രഹാമായി നടത്തണമായിരുന്നു. പുതിയ സമരമുറയൊക്കെ ഗൌരവം കുറഞ്ഞ മറ്റ് ഏതെങ്കിലും വിഷയത്തിൻമേൽ ആകാമായിരുന്നു. മാതൃകാപരമായ പ്രതിഷേധ മാർഗ്ഗത്തെ മനോരമാ ചാനലടക്കം അനുകൂലിച്ചത് കാണാതെയല്ല, അഭിപ്രായപ്രകടനം നടത്തുന്നത്. പാതയോരത്ത് പൊതുയോഗം നടന്നില്ലെങ്കിൽ മനോരമയ്ക്കെന്ത്! അവർക്കതിലൊന്നും ഒരു പ്രതിഷേധവും ഇല്ല. സി. പി. എം വ്യവസ്ഥിതിയിലെ എല്ലാ തിന്മകൾക്കുനേരെയും കണ്ണടച്ച് ഇരുന്നുകൊള്ളണമെന്ന ശാസന നിരന്തരം നടത്തുന്ന മുതലാളിത്തത്തിന്റെയും വലതുപക്ഷത്തിന്റെയും കുഴലൂത്തുകാരുടെ കുഴലൂത്തുകാരാണ് മനോരമാദികൾ! മനോരമയുടെ നിങ്ങൾ പറയൂ എന്ന ഉഡായിപ്പ് സർവ്വേയുൽ സി.പി.എമ്മിനനുകൂലമായി കൂടുതൽ എസ്.എം. എസ് കിട്ടിയതായി മനോരമ സ്വയം പ്രഖ്യാപിക്കുന്നത് എന്റെ അറിവിൽ അടുത്തകാലത്ത് ഒരു വിഷയത്തിൽ മാത്രമാണ്. ഇടതുപക്ഷ നിലപാടുകൾക്ക് അനുകൂലമായി സാധാരണ നാല്പത് ശതമാനത്തിൽ കുറഞ്ഞ എസ്.എം.എസുകളേ അങ്ങോട്ട് ചെല്ലാറുള്ളൂ! വിഷയത്തിൽ തിരിച്ചായിരുന്നുവെന്നു തോന്നുന്നു.

മറ്റ് വിഷയങ്ങൾ ഉണ്ടാകുമ്പോൾ നടക്കാറുള്ളതുപോലെ ഏതാനും പ്രകടനങ്ങളും ധർണ്ണയും ഹർത്താലും കൊണ്ട് അവസാനിപ്പിക്കാവുന്ന ഒരു സമരമല്ല ജനാധിപത്യ നിരാസത്തിനെതിരെയുള്ള സമരം. . ജയരാജൻ പുറത്തിറങ്ങുന്നതോടെ നിർത്തേണ്ടതുമല്ല. ജയരാജനെ പുഴുവെന്നു വിളിച്ചത് അദ്ദേഹം ചില ന്യായാധിപന്മാരെ മാത്രം ഉദ്ദേശിച്ച് ശുംഭന്മാർ എന്നു വിളിച്ചതിനേക്കാൾ അപലപനീയവും രാഷ്ട്രീയക്കാരെ ഇനെവിറ്റബിൾ എവിൽ എന്ന് വിശേഷിപ്പിച്ചത് ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ ഭരണനേതൃത്വവും ഒരുമിച്ചു നിന്ന് എതിർക്കുകയും ഉചിതമായ നടപടികൾ എടുക്കേണ്ടതുമായ കാര്യങ്ങളാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരും ഒരിക്കലും ഒരു കാര്യത്തിലും ഒരുമിക്കില്ല എന്ന ബോധമായിരിക്കണം ഇത്ര ധൈര്യമായി രാഷ്ടീയക്കാരെ വിമർശിക്കുവാൻ കോടതിയെ പ്രേരിപ്പിച്ചിരിക്കുക. എല്ലാ രഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റ് ഭിന്നതകൾ മറന്ന് ഒരുമിച്ചു നിന്ന് നേരിടേണ്ട ഒന്നാണ് ജുഡീഷ്യറിയുടെ ഇതുപോലെയുള്ള ജനാധിപത്യനിഷേധവിധികൾ എന്നുള്ള എന്റെ ഉറച്ച അഭിപ്രായം കുറിപ്പിലും രേഖപ്പെടുത്തുന്നു. എന്നാൽ നിർഭാഗ്യവശാൽ മിക്ക രാഷ്ട്രീയക്കാരും മറ്റേതൊരു വിഷയവും പോലെ ഇതും രാഷ്ട്രീയവ്യത്യാസങ്ങൾ വച്ച് നോക്കിക്കാണുന്നതയാണ് കാണുന്നത്. ഇത് കേവലം ഒരു സി.പി.എം പ്രശ്നമായി മാത്രം കാണാൻ ശ്രമിക്കുന്നത് ഒരു തരത്തിലും നല്ലതല്ല. കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ അല്പം കാര്യഗൌരവം ഉള്ളവർപോലും ഇക്കാര്യത്തെയും അന്ധമായ മാർക്സിസ്റ്റ് വിരോധത്തിന്റെ തിമിരക്കണ്ണുകൾ കൊണ്ട് നോക്കിക്കാണുന്നതായിട്ടാണ് കാണുന്നത്. അല്ലെങ്കിൽ ചിലർ അറിഞ്ഞുകൊണ്ട് മൌനം നടിക്കുന്നു.

ചാനൽ ചർച്ചകളെ വളരെ കൌതുകത്തോടെയും എതിരഭിപ്രായങ്ങളെയെല്ല്ലാം വളരെ സഹിഷ്ണുതയോടെയുമാണ് ഞാൻ വീക്ഷിക്കാറുള്ളത്. പക്ഷെ ഹൈക്കോടതിയ്ക്കുമുന്നിലെ ഇന്നത്തെ സി.പി.എം പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചാനൽ ചർച്ചകളിൽ വലതുപക്ഷപ്രതിനിധികളുടെ പ്രതികരണങ്ങളോട് ഇതുവരെയില്ലാത്ത ഒരു അലോസരം ഉള്ളിൽ തോന്നി. സി.പി.എം നേതാക്കളുടെ അഭിപ്രായങ്ങൾ ഹൈക്കോടതി പരിസരത്തെ പ്രതിഷേധം പോലെ തണുപ്പനുമായിരുന്നു. ആകെ കാര്യങ്ങൾ വസ്തുനിഷ്ഠമായും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിൽ മുറുകെപ്പിടിച്ചും സംസാരിച്ച അഡ്വ. കാളീശ്വരം രാജിന്റെ അഭിപ്രായം ഏറെ ആശ്വാസകരമായി തോന്നി. ഇപ്പോഴത്തെ സ്ഥിതിഗതികളോട് അതിന്റെ ഗൌരവം ഉൾക്കൊണ്ട് അഭിപ്രായം പറയുവാൻ ശ്രീ. കാളീ‍ശ്വരം രാജിനു കഴിഞ്ഞു. പൊതുയോഗനിരോധനം പോലെയുള്ള ജനാധിപത്യാവകാശങ്ങളെ പുന:സ്ഥാപിക്കുവാൻ ഒരുമിച്ചു നിന്ന് പോരാടാൻ എല്ലാ രാഷ്ട്രീയക്കാർക്കും ജനാധിപത്യത്തെ അംഗീകരിക്കുന്ന നിയമജ്ഞർക്കും കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് കുറിപ്പ് തൽക്കാലം നിർത്തുന്നു.